ലബനാനിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശത്ത് ഇസ്രായേൽ വ്യോമാക്രമണം; 21 പേർ കൊല്ലപ്പെട്ടു

ആക്രമണഭീതി നിലനിൽക്കുന്ന മറ്റു പ്രദേശങ്ങളിൽനിന്ന് നിരവധിപേർ മാറിത്തമസിച്ച ഐതൂവിലാണ് ഇസ്രായേൽ ആക്രമണമുണ്ടായതെന്ന് മേയർ ജോസഫ് ട്രാഡ് പറഞ്ഞു.

Update: 2024-10-15 10:17 GMT
Editor : Shaheer | By : Web Desk
Advertising

ബെയ്‌റൂത്ത്: വടക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ ഐതൂവിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹിസ്ബുല്ലയ്ക്ക് സ്വാധീനമില്ലാത്ത മേഖലയിലാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലയായ സഗർത്തയിലാണ് ഐതൂ സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ താമസകേന്ദ്രങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ലബനീസ് വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് ഇസ്രായേലും ഹിസ്ബുല്ലയുടെ തമ്മിൽ നടക്കുന്ന സംഘർഷത്തിൽ ഐതൂ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്.

മലയോര മേഖലയായ ഐതൂവിൽനിന്ന് വലിയ പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി വീടുകൾ തകർന്നടിയുകയും കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്തു. ഏതാനും മൃതദേഹങ്ങൾ തകർന്ന കെട്ടിടങ്ങൾക്കും മറ്റ് അവശിഷ്ടങ്ങൾക്കും അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം.

സംഘർഷമേഖലയായ മറ്റു പ്രദേശങ്ങളിൽനിന്ന് ആളുകൾ മാറിത്തമസിച്ച സ്ഥലമായിരുന്നു ഐതൂ. ഇവിടെയാണ് ഇസ്രായേൽ ആക്രമണം നടന്നതെന്ന് മേയർ ജോസഫ് ട്രാഡ് പറഞ്ഞു. ദക്ഷിണ ലബനാനിൽനിന്ന് വടക്കൻ മേഖലയിലേക്ക് മാറണമെന്ന് നേരത്തെ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ മാറിത്താമസിച്ചവരും ആക്രമണത്തിനിരയായതായാണു വിവരം.

ക്രിസ്ത്യൻ മേഖലയിലെ ആക്രമണത്തിൽ ഇസ്രായേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഒരു ദയാദാക്ഷിണ്യവുമില്ലാതെ ലബനാനിലെ മുഴുവൻ പ്രദേശങ്ങളിലും ആക്രമണം തുടരുമെന്ന് കഴിഞ്ഞ ദിവസം ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഹിസ്ബുല്ല ആക്രമണം നടന്ന വടക്കൻ ഇസ്രായേലിലെ സൈനിക താവളം സന്ദർശിച്ച ശേഷമായിരുന്നു നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക താവളത്തിനുനേരെയുള്ള ഹിസ്ബുല്ല ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രായേൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, മധ്യ ഇസ്രായേലിലും ഹിസ്ബുല്ലയുടെ വ്യോമാക്രമണം തുടരുകയാണ്. ഇന്ന് ലബനാൻ അതിർത്തി കടന്ന് മൂന്ന് മിസൈലുകൾ എത്തിയതായി ഐഡിഎഫ് അറിയിച്ചു. തിങ്കളാഴ്ച ഹിസ്ബുല്ല 115 മിസൈലുകൾ ഇസ്രായേലിലേക്ക് അയച്ചിരുന്നു. മേഖലയിൽനിന്നെല്ലാം ആളുകൾ ബോംബ് ഷെൽറ്ററുകളിലേക്കു മാറിയിരിക്കുകയാണ്.

Summary: Israel kills 21 in airstrike on Christian town in north Lebanon, Aitou

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News