വെടിനിര്‍ത്തൽ ലംഘനത്തിന് ശേഷം ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് 900 പേരെ; ആരോഗ്യമന്ത്രാലയം
അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിന് പലസ്തീനികൾ മരിച്ചതായി അനുമാനിക്കുന്നുവെന്നും വ്യക്തമാക്കുന്നു


ഗസ്സ: മാര്‍ച്ച് 18ന് വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചതിന് ശേഷം ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് 900 പേരെ.1,984 പേര്‍ക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ ഫലസ്തീൻകാർക്കെതിരെ ഇസ്രായേൽ സേന നടത്തിയ അതക്രമത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഗസ്സയിൽ ഭക്ഷ്യ, കുടിവെള്ളക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന് യുഎൻ മനുഷ്യാവകാശ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ജനുവരി 19ന് വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം മാര്‍ച്ച് 18ന് ഇസ്രായേൽ കരാര്‍ ലംഘിക്കുകയായിരുന്നു. തുടര്‍ന്ന് ഗസ്സയിലുടനീളം നടത്തിയ ബോംബാക്രമണത്തിൽ 300ലധികം പേർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ഘട്ടങ്ങളായി വെടിനിർത്തൽ നടപ്പാക്കണമെന്നായിരുന്നു കരാർ. ഇതേതുടർന്ന് ഇസ്രായേലും ഹമാസും തമ്മില്‍ ആദ്യഘട്ടത്തിൽ ബന്ദികളെ കൈമാറിയിരുന്നു.
ആറ് ആഴ്ച നീണ്ടുനിന്ന ആദ്യ ഘട്ട വെടിനിർത്തലിന് ശേഷം ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ഘട്ട വെടിനിർത്തൽ കരാറിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ സമ്മതിച്ചില്ല. ഇതിനു പിന്നാലെയായിരുന്നു മേഖലയെ അശാന്തമാക്കി വീണ്ടും ഇസ്രായേൽ സൈന്യത്തിന്‍റെ കൂട്ടക്കൊല.
അതേസമയം ഇസ്രായേൽ ഉപരോധം മൂലം മൂന്നാഴ്ചയിലേറെയായി ഗസ്സയിലേക്ക് ഭക്ഷണ വിതരണം തടസ്സപ്പെട്ടതിനാൽ ആയിരക്കണക്കിന് പലസ്തീനികൾ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം യുദ്ധത്തിൽ കുറഞ്ഞത് 50,208 പലസ്തീനികൾ കൊല്ലപ്പെട്ടതായും 113,910 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സയിലെ ഗവ. മീഡിയ ഓഫീസിന്‍റെ കണക്ക് പ്രകാരം മരണസംഖ്യ 61,700 ആണ്. അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിന് പലസ്തീനികൾ മരിച്ചതായി അനുമാനിക്കുന്നുവെന്നും വ്യക്തമാക്കുന്നു.
ഇസ്രായേലിന്‍റെ നിരന്തരമായ വ്യോമാക്രമണങ്ങളുടെയും ഫലസ്തീൻ പ്രദേശത്തേക്ക് പ്രവേശിക്കുന്ന മെഡിക്കൽ സാധനങ്ങൾക്കുള്ള ഉപരോധവും ഭാരം മൂലം ഗസ്സയിലെ ആരോഗ്യ സംരക്ഷണ സംവിധാനം തകർന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവരുടെ ജീവൻ രക്ഷിക്കാനാവശ്യമായ രക്തം പോലും ലഭ്യമല്ല. ജീവനക്കാരുടെ അഭാവം മൂലം പരിക്കേറ്റവരെ ചികിത്സിക്കാൻ ഡോക്ടർമാർ പാടുപെടുകയാണ്.