നാട്ടുകാർ നൽകിയ 'ഹാഷിഷ് പലഹാരം' കഴിച്ച് നിരവധി ഇസ്രായേൽ സൈനികർ അവശനിലയിൽ

ദക്ഷിണ ഇസ്രായേലിലെ സൈനിക താവളത്തിൽ എത്തിയാണു നാട്ടുകാർ പലഹാരം വിതരണം ചെയ്തത്

Update: 2024-09-08 18:24 GMT
Editor : Shaheer | By : Web Desk
Advertising

തെൽഅവീവ്: നാട്ടുകാർ നൽകിയ പലഹാരം കഴിച്ച് നിരവധി ഇസ്രായേൽ സൈനികർ ആശുപത്രിയിൽ. ഹാഷിഷ് ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ അടങ്ങിയ പലഹാരമാണ് ഐഡിഎഫ് സൈനികർ കഴിച്ചതെന്ന് ഇസ്രായേൽ മാധ്യമമായ 'ജെറൂസലം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. ദക്ഷിണ ഇസ്രായേലിലെ സൈനിക താവളത്തിൽ എത്തിയാണു നാട്ടുകാർ പലഹാരം വിതരണം ചെയ്തത്.

പ്രമുഖ ഇസ്രായേൽ ന്യൂസ് പോർട്ടലായ 'വല്ല' ആണ് വാർത്ത പുറത്തുവിട്ടത്. പലഹാരം കഴിച്ച സൈനികർ അവശനിലയിലാകുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പ്രാഥമിക പരിചരണത്തിനുശേഷം ഇവർ ആശുപത്രിവിട്ടിട്ടുണ്ട്.

ഒരു അപരിചിതനാണ് സൈനികർക്കു മധുരവുമായി എത്തിയതെന്ന് ഒരു റിപ്പോർട്ടിൽ പറയുന്നു. റിസർവ് വിഭാഗത്തിലുള്ള സൈനികർക്കാണ് ഇതു ലഭിച്ചത്. സംഭവത്തിൽ ഐഡിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷണം സ്വീകരിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം മൂന്നു ലക്ഷം പേരുടെ റിസർവ് സേനയ്ക്ക് ഇസ്രായേൽ രൂപംനൽകിയിരുന്നു. സിവിലിയന്മാരായ യുവാക്കളാണ് സൈന്യത്തിലുള്ളത്. ഗസ്സയിൽ തുടരുന്ന ആക്രമണത്തിൽ പലഘട്ടങ്ങളിലായി ഐഡിഎഫ് റിസർവ് സേനയുടെ സഹായം തേടിയിരുന്നു. ഹമാസ് ആക്രമണത്തിനുശേഷം ഇസ്രായേൽ സൈനികർക്കു സൗജന്യ ഭക്ഷണവിതരണവുമായി മക്‌ഡൊണാൾഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും നാട്ടുകാരും രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇതിനു പുറമെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും നാട്ടുകാർ വിതരണം ചെയ്തിരുന്നു. എന്നാൽ, പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുകാരുടെ സൗജന്യം കൈപ്പറ്റുന്നതിനു നിരോധനമേർപ്പെടുത്തിയേക്കും.

അതിനിടെ, ജോർദാൻ അതിർത്തിയിൽ നടന്ന അപ്രതീക്ഷിത ആക്രമണം ഇസ്രായേലിനെ ഞെട്ടിച്ചിരിക്കുകയാണ്. അതിർന്ന് കടന്നെത്തിയ ജോർദാൻ പൗരൻ നടത്തിയ വെടിവെപ്പിൽ മൂന്ന് സൈനികരാണു കൊല്ലപ്പെട്ടത്. അലൻബി പാലത്തിലുടെയാണ് മാഹിർ അൽ ജാസി എന്ന ജോർദാൻ സ്വദേശി അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെത്തി സൈനികരെ വധിച്ചത്. ആക്രമണത്തെ ഹമാസ് സ്വാഗതം ചെയ്തു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.

അതിനിടെ, ബന്ദികളുടെ മോചനം വൈകുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേലിലുടനീളം പ്രതിഷേധം തുടരുകയാണ്. നെതന്യാഹു വിരുദ്ധ പ്രക്ഷോഭമാണു തലസ്ഥാനത്തിനു പുറത്തേക്കു മറ്റു നഗരങ്ങളിലേക്കും പടരുന്നത്. ദശലക്ഷക്കണക്കിനു പ്രക്ഷോഭകരാണ് നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടു തെരുവിലുള്ളത്.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 31 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഗസ്സ സിവിൽ എമർജൻസി സർവിസ് ഡെപ്യൂട്ടി ഡയറക്ടറും നാല് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.

Summary: Israel soldiers fall ill after eating 'hashish cookies'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News