'അരയിൽ ബോംബും തലയിൽ ഗോപ്രോയും ഘടിപ്പിച്ച് ഇസ്രായേൽ സൈന്യം തുരങ്കത്തിലേക്ക് അയച്ചു'-വെളിപ്പെടുത്തലുമായി ഫലസ്തീൻ യുവാവ്
തുരങ്കത്തിൽ ഹമാസ് പോരാളികളുണ്ടെങ്കിൽ സ്‌ഫോടനം നടത്താനായിരുന്നു ഇസ്രായേൽ പദ്ധതി. എന്നാല്‍, ഒരാളെയും കണ്ടെത്താനായില്ലെന്ന് ഫലസ്തീൻ യുവാവ്
ഗസ്സ സിറ്റി: ഹമാസ് സാന്നിധ്യം സംശയിച്ച് ഗസ്സയിലെ തുരങ്കത്തിലേക്ക് ഫലസ്തീൻ യുവാവിനെ സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച് ഇസ്രായേല്‍ സൈന്യം അയച്ചതായി വെളിപ്പെടുത്തൽ. തലയിൽ ഗോപ്രോ കാമറ അടക്കം ഘടിപ്പിച്ചായിരുന്നു യുവാവിനെ അയച്ചത്. എന്നാൽ, അകത്ത് ഒന്നും കണ്ടെത്താനായില്ലെന്നും യുവാവ് പറഞ്ഞു.
ഹകീം എന്നു പേരുള്ള 30കാരനാണ് 'മിഡിലീസ്റ്റ് ഐ'യോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രായേൽ സൈന്യം നഗ്നരാക്കിനിർത്തി ഫോട്ടോ പുറത്തുവിട്ട ഫലസ്തീനുകാരിൽ ഒരാളാണ് ഹകീം. രണ്ടു ദിവസം മുൻപാണ് യുവാവിനെ ഇസ്രായേൽ മോചിപ്പിച്ചത്.
തന്നെ ദൈവത്തിലേക്ക് അയയ്ക്കുകയാണെന്നാണ് ഒരു സൈനികൻ പറഞ്ഞതെന്ന് ഹകീം ഓർത്തെടുത്തു. തുടർന്ന് സ്‌ഫോടകവസ്തുക്കൾ അടങ്ങിയ ഒരു ബെൽറ്റ് ധരിപ്പിച്ചു. തലയിൽ ഗോപ്രോ കാമറയും ഘടിപ്പിച്ചു. അരയിൽ ഒരു കയർ കെട്ടുകയും ചെയ്തു. എന്നിട്ട് ഗസ്സ മുനമ്പിലെ ഒരു തുരങ്കത്തിലേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തി.
അകത്ത് ഹമാസ് പോരാളികളുണ്ടോ എന്നു പരിശോധിച്ചുവരാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തലയിലുള്ള കാമറ വഴി ഹമാസ് പോരാളികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ഉടൻ തന്റെ ശരീരം ഉപയോഗിച്ച് തുരങ്കത്തിൽ സ്‌ഫോടനം നടത്താനായിരുന്നു ഇസ്രായേൽ പദ്ധതി. താൻ കൊല്ലപ്പെടാൻ പോകുകയാണെന്ന് നൂറുശതമാനവും ഉറപ്പിച്ചിരുന്നു. എന്നാൽ, അകത്ത് അവർക്ക് ഒന്നും കണ്ടെത്താനായില്ല. ഇതോടെ തന്നെ വെറുതെവിടുകയായിരുന്നുവെന്നും ഹകീം കൂട്ടിച്ചേർത്തു.
അതിനിടെ, ഫലസ്തീൻ സിവിലിയന്മാരുടെ കൈയിൽ ആയുധം നൽകി കീഴടങ്ങിയ ഹമാസ് പോരാളികളെന്ന പേരിൽ ഇസ്രായേൽ പ്രചാരണം നടത്തുന്നതായും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കമാൽ അദ്വാൻ ആശുപത്രിയിൽനിന്ന് പൊലീസുകാരിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങളാണ് സിവിലിയന്മാരെ കൊണ്ട് ബലപ്രയോഗത്തിലൂടെ പിടിപ്പിച്ചത്. തുടർന്ന് ഫോട്ടോ പകർത്തി പുറത്തുവിടുകയായിരുന്നുവെന്നാണ് മന്ത്രാലയം വെളിപ്പെടുത്തിയത്. ഹമാസ് പോരാളികൾ കീഴടങ്ങിയെന്ന തരത്തിൽ സിവിലിന്മാരായ ഫലസ്തീനികളെ നഗ്നരാക്കി ഇരുത്തിക്കൊണ്ടുള്ള ദൃശ്യങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിരുന്നു.
Summary: Palestinian says soldiers sent him into Hamas tunnel strapped with bombs and GoPro camera