റഫയിൽ കൂട്ടക്കുരുതി ആരംഭിച്ച് ഇസ്രായേൽ; 28 പേർ കൊല്ലപ്പെട്ടു

സൈനിക മേധാവിയുമായി ഇടഞ്ഞ് നെതന്യാഹു

Update: 2024-02-11 01:16 GMT
Advertising

ദുബൈ: അഭയാർഥികൾ തമ്പടിച്ച റഫയിൽ കൂട്ടക്കൊലക്ക് തുടക്കം കുറിച്ച് ഇസ്രായേൽ സൈന്യം. ​ഇന്നലെ 28 പേ​രെയാണ്​ സൈന്യം വധിച്ചത്​.

ഗ​സ്സ​യി​ൽ ജ​ന​ങ്ങ​ളി​ൽ പ​കു​തി​യോളം താ​മ​സി​ക്കു​ന്ന ഭാഗമാണ് റ​ഫ​. ലോകരാജ്യങ്ങളുടെ കടുത്ത എതിർപ്പ്​ അവഗണിച്ച്​ റഫക്ക് നേരെ കര, വ്യോമാക്രമണം ശക്​തിപ്പെടുത്താൻ തന്നെയാണ്​ നെതന്യാഹുവിന്റെ തീരുമാനം.

എന്നാൽ, സൈനിക മേധാവിയുമായി നെതന്യാഹു ഇടഞ്ഞതായി ഇസ്രായേലി ചാനൽ 13 റിപ്പോർട്ട്​ ചെയ്​തു. കൂടുതൽ റിസർവ്​ സൈനികരെ രംഗത്തിറക്കാൻ നെതന്യാഹു സൈന്യത്തിന്​ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്​. റഫ ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന്​ ബന്ധുക്കൾ ചൂണ്ടിക്കാട്ടി.

തെൽ അവീവിൽ സെൻട്രൽ സ്​ട്രീറ്റ്​ ഉപരോധിച്ച ബന്ധുക്കളിൽ ചിലരെ സുരക്ഷാ വിഭാഗം അറസ്റ്റ്​ ചെയ്​തു. റഫ ആക്രമണം അപകടകരമായിരിക്കുമെന്ന്​ സൗദി അറേബ്യ ഉൾപ്പെടെ മുസ്​ലിം രാജ്യങ്ങൾ ഇസ്രായേലിന്​ താക്കീത്​ നൽകി.

ഫലസ്​തീൻ ജനതക്ക്​ റഫക്കപ്പുറം പോകാൻ മ​റ്റൊ​രു ഇ​ട​മി​ല്ലെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു. റ​ഫ​യി​ലെ കൂ​ട്ട​ക്കു​രു​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് അ​മേ​രി​ക്ക​ക്ക് ഒ​ഴി​ഞ്ഞു​മാറാനാ​വി​ല്ലെ​ന്ന് ഹ​മാ​സ് മുന്നറിയിപ്പ് നൽകി.

അ​ൽ​ശി​ഫ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ബു സാ​ൽ​മി​യ​യെ ഇ​സ്രാ​യേ​ൽ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പീ​ഡി​പ്പി​ച്ചു. കൈ ​ഒ​ടി​ച്ചെ​ന്നും ക​ഴു​ത്തി​ൽ ച​ങ്ങ​ല കെ​ട്ടി നാ​യ​യെ​പ്പോ​ലെ വ​ലി​ച്ചി​ഴ​ച്ചുവെന്നും സഹപ്രവർത്തകർ അറിയിച്ചു.

ഗ​സ്സ​യി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം 28,064 ആ​യി. 67,611 പേ​ർ​ക്കാണ്​ പ​രി​ക്ക്​. ഗസ്സയെ ഇസ്രായേൽ സൈന്യം നിർമിത ബുദ്ധി ആയുധങ്ങളുടെ പരീക്ഷണശാലയാക്കുന്നതായും റിപ്പോർട്ടുണ്ട്. ഇസ്രായേലി ടെക് സ്റ്റാർട്ടപ്പായ നാഷനൽ സെൻട്രൽ ചീഫ് എക്സിക്യൂട്ടീവ് അവി ഹാസോണിനെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇസ്രായേൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്​ ലബനാനിൽനിന്ന്​ നിരവധി മിസൈലുകൾ അയച്ചതായി ഹിസ്​ബുല്ല അറിയിച്ചു. കിർയത്​ ഷ്​മോനയിൽ മിസൈൽ പതിച്ച്​ നാശനഷ്​ടങ്ങൾ ഉണ്ടായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ലയുമായി ഇറാൻ വിദേശകാര്യ മന്ത്രി ചർച്ച നടത്തി.

അതേസമയം, സിറിയയിൽ ഹമാസ്​ നേതാവിനെ വധിക്കാനുള്ള ഇസ്രായേൽ നീക്കം വിഫലമായി. ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. അമേരിക്കയും ബ്രിട്ടനും നടത്തിയ വ്യോമാക്രമണത്തിൽ 17 ഹൂതി പോരാളികൾ കൊല്ലപ്പെട്ടു. ആക്രമണത്തിനിടയിലും പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്ന് ഹൂതികൾ​ വ്യക്തമാക്കി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News