'ഇസ്രായേൽ ഭീകരരാഷ്ട്രം, ഫലസ്തീനെ മോചിപ്പിക്കണം'-ഫോർഡ് എക്‌സ് അക്കൗണ്ടിൽ പോസ്റ്റുകൾ, ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

യുദ്ധങ്ങള്‍ സൃഷ്ടിച്ചത് ജൂതന്മാരും ജൂത മുതലാളിമാരുമാണെന്നും എല്ലാ തിന്മകളുടെയും കാരണക്കാര്‍ അവരാണെന്നും ഫോര്‍ഡ് സ്ഥാപകൻ ഹെൺറി ഫോർഡ് ആരോപിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു

Update: 2024-12-31 05:23 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: പ്രമുഖ ഓട്ടോമൊബൈൽ കമ്പനി ഫോർഡിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഇസ്രായേൽ വിരുദ്ധ പോസ്റ്റുകൾ. ഫോർഡ് മോട്ടോർ കമ്പനി എന്ന എക്‌സ് അക്കൗണ്ടിലാണ് ഇസ്രായേലിനെ വിമർശിച്ചും ഫലസ്തീന് ഐക്യദാർഢ്യം അറിയിച്ചുമുള്ള കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടത്. ഏറെ ചർച്ചയായതിനു പിന്നാലെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ഔദ്യോഗിക വിശദീകരണക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട് കമ്പനി.

ലോകത്തെ മുൻനിര ഓട്ടോമൊബൈൽ നിർമാതാക്കളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ തുടരെ പ്രത്യക്ഷപ്പെട്ട ഇസ്രായേൽ വിരുദ്ധ പോസ്റ്റുകളാണ് ആളുകൾക്കിടയിൽ ആശ്ചര്യമുണർത്തിയത്. ഫലസ്തീനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആദ്യത്തെ പോസ്റ്റ്. പിന്നാലെ ഇസ്രായേൽ ഭീകരരാഷ്ട്രമാണെന്നും മറ്റൊരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. എല്ലാ കണ്ണുകളും ഗസയിൽ എന്നായിരുന്നു ഒടുവിലത്തെ പോസ്റ്റ്.

പോസ്റ്റുകൾ വൈറലായതിനു പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണം പുറത്തിറക്കുകയായിരുന്നു കമ്പനി. അവസാനത്തെ മൂന്ന് പോസ്റ്റുകൾ ഫോർഡ് പോസ്റ്റ് ചെയ്തതല്ല. കമ്പനി ചുമതലപ്പെടുത്തിയതുമല്ല. ഫോർഡ് മോട്ടോർ കമ്പനിയുടെ കാഴ്ചപ്പാടുമല്ല പോസ്റ്റുകളിലുള്ളത്. സംഭവത്തെ കുറിച്ച് ഫോർഡും എക്‌സും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഔദ്യോഗിക ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വിശദീകരണക്കുറിപ്പിൽ അറിയിച്ചു.

സ്ഥാപകന്റെ ജൂതവിരുദ്ധതയും ഫോർഡിന്റെ ഇസ്രായേൽ ബന്ധവും

കമ്പനി സ്ഥാപകൻ ഹെൺറി ഫോർഡ് നടത്തിയ ജൂത വിമർശനങ്ങളെ തുടർന്ന് അദ്ദേഹം സെമിറ്റിക് വിരുദ്ധനാണെന്നു നേരത്തെ തന്നെ പ്രചാരണം ശക്തമാണ്. എല്ലാ തിന്മകൾക്കും കാരണം ജൂതന്മാരും ജൂത മുതലാളിമാരുമാണെന്നായിരുന്നു ഒരിക്കൽ ഫോർഡ് വിമർശിച്ചത്. യുദ്ധങ്ങൾ സൃഷ്ടിച്ചതും അമേരിക്കയിലെ കൊള്ളയ്ക്കും കവർച്ചയ്ക്കുമെല്ലാം പിന്നിലും ജൂതന്മാരാണ്. നാവികസേനയുടെ കാര്യക്ഷമത കുറഞ്ഞതിനു പിന്നിലും അവരാണെന്നെല്ലാം അദ്ദേഹം ആരോപണമുയർത്തിയിരുന്നതായി അമേരിക്കൻ ചാനൽ 'പിബിഎസ്' റിപ്പോർട്ടിൽ പറയുന്നു.

1918ൽ സ്വന്തമാക്കിയ 'ദി ഡിയർബോൺ ഇൻഡിപെൻഡെന്റ്' പത്രത്തിലൂടെയും ഹെൺറി ഫോർഡ് ജൂതവിമർശനം തുടർന്നു. പത്രം ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടപ്പോൾ അമേരിക്കയെ ബാധിക്കുന്ന ജൂത ഗൂഢാലോചനകൾ എന്ന പേരിൽ ലേഖന പരമ്പരകൾ പ്രസിദ്ധീകരിച്ചു. തുടർച്ചയായി മൂന്ന് മാസത്തോളം ജൂത വിമർശനവുമായി ലേഖനങ്ങൾ വന്നു. പിന്നീട് ഇതെല്ലാം സമാഹരിച്ച് 'ദ ഇന്റർനാഷനൽ ജ്യൂ' എന്ന പേരിൽ പുസ്തകവും പുറത്തിറക്കുകയും അഞ്ച് ലക്ഷത്തോളം വരിക്കാർക്കു സൗജന്യമായി വിതരണം ചെയ്യുകയുമുണ്ടായി. ഇതിന്റെ പേരിൽ ഹെൺറി ഫോർഡിനെതിരെയും ഫോർഡ് മോട്ടോർ കമ്പനിക്കെതിരെയും ജൂതസംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു.

അതേസമയം, ഇസ്രായേൽ സൈന്യത്തിന് ഫോർഡ് വാഹനങ്ങൾ നൽകുന്നുണ്ട്. 2001ലാണ് ഇസ്രായേൽ സൈന്യവുമായി കമ്പനി ആദ്യമായി കരാറിലെത്തുന്നത്. 40 മില്യൻ ഡോളറിന് 1,000 എഫ്350 പിക്കപ്പ് ട്രക്കുകളാണ് ആദ്യഘട്ടത്തിൽ ഫോർഡ് ഇസ്രായേൽ സൈന്യത്തിനു നിർമിച്ചുനൽകിയത്. ഗസ്സയിലെ ആക്രമണത്തിൽ ഉൾപ്പെടെ ഫോർഡിന്റെ സൈനിക വാഹനങ്ങൾ ഉപയോഗപ്പെടുത്തപ്പെടുന്നുണ്ടെന്നാണു വിവരം. ഒരേസമയം ഇസ്രായേൽ സൈന്യത്തിനും ഗസ്സയിലെ യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീനികൾക്കും കമ്പനി സഹായം നൽകിവരുന്നതായും റിപ്പോർട്ടുണ്ട്.

2023 ഒക്ടോബറിൽ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയും ഫോർഡിനു കീഴിലുള്ള ജീവകാരുണ്യ സംഘമായ ഫോർഡ് ഫൗണ്ടേഷൻ രംഗത്തെത്തിയിരുന്നു. ഗസ്സക്കാർ അനുഭവിക്കുന്ന യാതനകൾ അവഗണിക്കാനാകില്ലെന്നും എല്ലാ സഹായവും ചെയ്യുമെന്നും ഫൗണ്ടേഷൻ പ്രസിഡന്റ് ഡാറൻ വാക്കർ അന്നു വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇസ്‌ലാമോഫോബിയയും സെമിറ്റിക് വിരുദ്ധതയും വളർത്തുന്ന വ്യാജപ്രചാരണങ്ങളെല്ലാം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Summary: Ford Motor Company's X account posts 'Israel is a terrorist state,' calls to 'Free Palestine', later deletes posts

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News