'ഗസ്സയിലെ അൽഖുദുസ് ആശുപത്രിയും ബോംബിട്ട് തകർക്കും'; വീണ്ടും ഇസ്രായേൽ ഭീഷണി

ഗസ്സയിലെ അൽഅഹ്ലി ആശുപത്രിക്കുനേരെയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ 471 പേരാണു കൊല്ലപ്പെട്ടത്

Update: 2023-10-21 11:55 GMT
Editor : Shaheer | By : Web Desk
Advertising

ഗസ്സ: അൽഅഹ്ലി ആശുപത്രിക്കു പിന്നാലെ ഗസ്സയിൽ വീണ്ടും ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഗസ്സ മുനമ്പിലെ അൽഖുദുസ് ആശുപത്രി ആക്രമിക്കുമെന്ന് ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകിയതായി വെളിപ്പെടുത്തൽ. ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി(പി.ആർ.സി.എസ്) ആണു വിവരം പുറത്തുവിട്ടത്.

അൽഖുദുസ് ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കണമെന്നാണ് ഇസ്രായേൽ അന്ത്യശാസനം നൽകിയിട്ടുള്ളത്. ഇസ്രായേൽ ആക്രമണത്തിൽ ഭവനരഹിതരായ 12,000ത്തോളം പേർ ഇവിടെ കഴിയുന്നുണ്ട്. ഇതിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രായേൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇവരുടെ ജീവൻ അപകടത്തിലാണെന്ന് പി.ആർ.സി.എസ് സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.

''ഈ മുന്നറിപ്പുകൾ യാഥാർത്ഥ്യമായാൽ ഈ സ്ഥലം ചാരമായിമാറും. നിരപരാധികളായ സിവിലിയന്മാർ കഴിയുന്ന ആശുപത്രികൾ ബോംബിട്ടു തകർക്കുമെന്നു ഭീഷണിപ്പെടുത്തുന്ന ഇസ്രായേൽ അധിനിവേശ സേനയെ തടഞ്ഞുനിർത്താൻ ശേഷിയുള്ള ഒരു ലോകശക്തിയുമില്ലേ ഇവിടെ? അൽഅഹ്ലി ആശുപത്രിക്കു സമാനമായ മറ്റൊരു ദുരന്തം ആവർത്തിക്കുന്നതു തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം''-റെഡ് ക്രസന്റ് ആവശ്യപ്പെട്ടു.

ദിവസങ്ങൾക്കുമുൻപ് അൽഅഹ്ലി ആശുപത്രിക്കുനേരെയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ 471 പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തമൊഴിയുകയാണ് ഇസ്രായേൽ ചെയ്തത്. ഇസ്‌ലാമിക് ജിഹാദിന്റെ റോക്കറ്റുകൾ വഴിമാറി ആശുപത്രിയിൽ പതിക്കുകയാണുണ്ടായതെന്നാണ് ഇസ്രായേൽ അവകാശവാദം. എന്നാല്‍, ഇക്കാര്യം തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്കായിട്ടില്ല.

Summary: Israel threatens to bomb Al-Quds Hospital in Gaza: Palestinian Red Crescent

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News