ഗസ്സയിലെ ഏഴ് പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്

ഗസ്സയില്‍ ഇസ്രായേൽ കനത്ത വ്യോമാക്രമണത്തിന് ഒരുങ്ങുന്നതായാണ് സൂചന

Update: 2023-10-08 02:51 GMT
Advertising

ഗസ്സ സിറ്റി: ഇസ്രയേൽ, ഫലസ്​തീൻ പ്രദേശങ്ങളിൽ വ്യാപക ആക്രമണം തുടരുന്നു. ഇന്നലെ മാത്രം 450 ലേറെ പേരാണ്​ ഇരുപക്ഷത്തും കൊല്ലപ്പെട്ടത്​ 3000 ല്‍ ഏറെ പേർക്ക്​ പരിക്കുണ്ട്​. .നിരവധി പേരെ ഹമാസ് ബന്ദികളാക്കിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഗസ്സയിലെ ഏഴ് പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഈ മേഖലകളിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണത്തിന് ഒരുങ്ങുന്നതായാണ് സൂചന.

ഇസ്രയേൽ ഗസ്സയിൽ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത് 232 ഫലസ്തീനികളാണ്. 1697 പേർക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചേയും ഗസ്സക്കു മേൽ ഇസ്രായേൽ സൈന്യത്തിന്‍റെ വ്യോമാക്രമണം തുടർന്നു. യഹ്‌യ അൽ സിൻവർ ഉൾപ്പെടെ ഹമാസ് നേതാക്കളുടെ ഗസ്സ വസതികളിലും സൈന്യം ബോംബിട്ടു. ഇതിനു മറുപടിയായി തെൽഅവീവിന് നേർക്ക് 150 ഓളം മിസൈലുകൾ ഹമാസ് തൊടുത്തുവിട്ടു. ചില മിസൈലുകൾ കെട്ടിടത്തിൽ പതിച്ച് നാശനഷ്ടം ഉണ്ടായി. വിജയം വരെ പോരാട്ടം തുടരുമെന്ന് ഇസ്രയേലും ഹമാസും വ്യക്തമാക്കി. ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

റോക്കറ്റാക്രമണത്തോടൊപ്പം ഇസ്രയേൽ പ്രദേശങ്ങളിലേക്ക് പോരാളികളെ അയച്ചും ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ് ഇന്നലെ നടത്തിയ സൈനിക നടപടിയുടെ ആഘാതത്തിൽ നിന്ന് ഇസ്രയേൽ നേതൃത്വം ഇനിയും മോചിതമായില്ല. ആക്രമണത്തിൽ 250 പേർ ഇസ്രയേലിൽ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 1100ന് മുകളിലാണ്. 

ഇസ്രയേലിനുള്ളിൽ ഇരുപതിലേറെ കേന്ദ്രങ്ങളിൽ ഹമാസ് പോരാളികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നു. ഹമാസ് പോരാളികൾ ബന്ദികളാക്കിയ നിരവധി സൈനികരെയും സാധാരണക്കാരെയും മോചിപ്പിക്കാനുള്ള ഇസ്രായേൽ സൈനികനീക്കം ഇനിയും വിജയിച്ചിട്ടില്ല. ഉയർന്ന ഓഫീസർമാർ ഉൾപ്പെടെ നിരവധി സൈനികർ തങ്ങളുടെ സുരക്ഷിത കസ്റ്റഡിയിലാണെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. അധിനിവേശ ശക്തിക്കെതിരെ നിർണായക പോരാട്ടം ആരംഭിച്ചതേയുള്ളൂവെന്നാണ് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ വ്യക്തമാക്കിയത്. ഭീകരർക്കെതിരായ വ്യാപകയുദ്ധത്തിന് അമേരിക്കൻ പ്രസിഡൻറ് ബൈഡൻ പൂർണപിന്തുണ പ്രഖ്യാപിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News