ഗർഭിണികളെയും വെറുതെ വിട്ടില്ല; വെടിവച്ചുകൊന്നു, ബുൾഡോസർ കയറ്റി മൃതദേഹം വികൃതമാക്കി ഇസ്രായേൽ സൈന്യം
ഗസ്സ മുനമ്പിലെ ആശുപത്രിയിലേക്ക് പ്രസവത്തിനായി പോയ ഫലസ്തീൻ യുവതികൾക്കുനേരെയാണ് ഇസ്രായേൽ ക്രൂരത
ഗസ്സ സിറ്റി: ഗർഭിണികൾക്കും മൃതദേഹങ്ങൾക്കുംമേൽ കണ്ണിൽചോരയില്ലാത്ത ക്രൂരത തുടർന്ന് ഇസ്രായേൽ സൈന്യം. ഗസ്സയിൽ ദിവസങ്ങൾക്കുമുൻപ് നാല് ഗർഭിണികളെ ഇസ്രായേൽ സൈന്യം വെടിവച്ചുകൊന്നതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ഇതിനുശേഷം ബുൾഡോസർ കയറ്റി മൃതദേഹം വികൃതമാക്കിയതായും ഇവർ പറയുന്നു.
അൽജസീറ ചാനലിനോടാണ് ഒരു ദൃക്‌സാക്ഷി ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്. വെളുത്ത പതാകയുമായി ആശുപത്രിയിലേക്കു തിരിച്ച ഫലസ്തീൻ ഗർഭിണികൾക്കുനേരെയായിരുന്നു ഇസ്രായേൽ ക്രൂരത. വടക്കൻ ഗസ്സയിലുള്ള അൽഔദ ആശുപത്രിയിലേക്കു പ്രസവത്തിനായി പുറപ്പെട്ട നാലുപേർക്കുനേരെ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇവരുടെ മൃതദേഹത്തിനുമേൽ ബോൾഡോസർ കയറ്റിയത്.
പ്രദേശത്തെ വീടുകളെല്ലാം വ്യോമാക്രമണത്തിലൂടെ നിലംപരിശാക്കിയിട്ടുണ്ടെന്നും ദൃക്‌സാക്ഷി പറഞ്ഞു. സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ അൽജസീറ പുറത്തുവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഫലസ്തീനി യുവതികളുടെ മൃതദേഹങ്ങളും വികൃതമാക്കപ്പെട്ട നിലയിൽ ദൃശ്യങ്ങളിൽ കാണാം.
അൽഔദ ആശുപത്രിയിലെ ജീവനക്കാരായ സ്ത്രീകളെയും ഇസ്രായേൽ വധിച്ചുകളഞ്ഞതായി കഴിഞ്ഞ ദിവസം ഗസ്സ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയിലേക്കുള്ള കുടിവെള്ള-വൈദ്യുതബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അവശ്യമരുന്നുകൾ പോലും ഇങ്ങോട്ടേക്ക് എത്താൻ ഇസ്രായേൽ സൈന്യം അനുവദിക്കുന്നില്ല.
80 ആരോഗ്യ ഉദ്യോഗസ്ഥരും 40 രോഗികളും ഉൾപ്പെടെ 240 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം ആശുപത്രിക്കകത്തു തടവിലാക്കിയിരിക്കുകയാണ്. ആശുപത്രിയെ ഇസ്രായേൽ സൈനികതാവളമാക്കി മാറ്റിയിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം ആരോപിച്ചിരുന്നു.
Summary: Israeli soldiers shot dead 4 pregnant women on their way to Al Awda hospital, and ran over their bodies with bulldozers in northern Gaza