വെടിനിർത്തൽ കരാറിനായി ഇസ്രായേലിൽ വ്യാപക പ്രതിഷേധം; തൊഴിലാളി യൂണിയനുകളുടെ ബന്ദ് ഇന്ന്
അതേസമയം, പോളിയോ തുള്ളിമരുന്ന് വിതരണത്തിനിടയിലും ഗസ്സയിൽ വ്യാപക ആക്രമണമുണ്ടായി
തെല്‍ അവിവ്: വെടിനിർത്തൽ കരാർ ഉടൻ വേണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ ഉടനീളം വ്യാപകപ്രക്ഷോഭം. ഇസ്രായേൽ തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ച രാജ്യവ്യാപക ബന്ദ് ഇന്ന്. അതേസമയം, പോളിയോ തുള്ളിമരുന്ന് വിതരണത്തിനിടയിലും ഗസ്സയിൽ വ്യാപക ആക്രമണമുണ്ടായി. ജെനിൻ നഗരത്തിലെ ഇസ്രായേൽ സൈനിക നടപടിയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നു.
റഫയിലെ ഹമാസ് തുരങ്കത്തിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തി ഇസ്രാലേിൽ എത്തിച്ചതോടെ രൂപപ്പെട്ട പ്രതിഷേധം പടരുന്നു. തെൽ അവീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ജനലക്ഷങ്ങൾ സർക്കാറിനെതിരെ രംഗത്തു വന്നു. തലസ്ഥാന നഗരിയിൽ രാത്രി നടന്ന പ്രതിഷേധ പരിപാടിയിൽ മൂന്ന് ലക്ഷത്തിലേറെ പേർ അണിനിരന്നു. വെടിനിർത്തൽ കരാറിൽ നെതന്യാഹു ഒപ്പുവെച്ചിരുന്നെങ്കിൽ ബന്ദികൾ കൊല്ലപ്പെടില്ലായിരുന്നുവെന്ന് പ്രക്ഷോഭകരും ബന്ധുക്കളും പറഞു. കരാറിൽ ഒപ്പുവെച്ചാൽ ആദ്യം വിട്ടയക്കേണ്ട ബന്ദികളുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ് കൊല്ലപ്പെട്ട ആറു പേരും. തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് നടക്കാനിരിക്കെ, ഇസ്രായേൽ ഇന്ന് പൂർണമായും നിശ്ചലമാകും.
വിമാനത്താവളം ഉൾപ്പെടെ എല്ലാ തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും പ്രവർത്തനം നിലച്ചേക്കും എന്നാണ് റിപ്പോർട്ട്. ബന്ദിമോചനം ലക്ഷ്യമിട്ടുള്ള കരാർ വൈകിയാൽ അനിശ്ചിതകാല പണിമുടക്കിന് മടിക്കില്ലെന്നാണ് തൊഴിലാളി യൂനിയനുകളുടെ മുന്നിറിയിപ്പ്. എന്നാൽ പണിമുടക്ക് വിലക്കണമെന്ന് വലതുപക്ഷ മന്ത്രി സ്മോട്രിക്, ഇസ്രായേൽ അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനക്കു കീഴിൽ ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്ന നടപടിയെ ഇസ്രായേൽ ആക്രമണം ബാധിച്ചു. പരിമിത സ്വഭാവത്തിലുള്ള വെടിനിർത്തൽ കൊണ്ടായില്ലെന്ന് യു.എൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിരവധി പേരുടെ മരണത്തിനിടയാക്കിയ ജെനിൻ അഭയാർഥി ക്യാമ്പ് ആക്രമണത്തിലൂടെ രൂപപ്പെട്ട നാശനഷ്ടങ്ങളുടെ വ്യാപ്തി ഞെട്ടിക്കുന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ പലതും തകർക്കപ്പെട്ടു.
തർകുമിയയിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഫലസ്തീൻ പോരാളികൾ വകവരുത്തിയത് ഇസ്രായേലിനെ ഞെട്ടിച്ചു. വെസ്റ്റ് ബാങ്കിൽ കൂടുതൽ ശക്തമായ പ്രതിരോധം തുടരുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.