ടിപ്പായി ഡെപ്പ് നൽകിയത് 49 ലക്ഷം രൂപ; മാനനഷ്ടക്കേസിലെ വിജയം ആഘോഷിക്കാനെത്തിയത് ഇന്ത്യൻ റെസ്‌റ്റോന്റിൽ
ബെർമിംഗ്ഹാമിലെ 'വാരാണസി' എന്ന ഇന്ത്യൻ റെസ്റ്റോറന്റിൽ സുഹൃത്തുക്കള്‍ക്ക് അതിഗംഭീരമായ അത്താഴവിരുന്നാണ് ജോണി ഡെപ്പ് നല്‍കിയത്
മുൻ ഭാര്യ ആംബർ ഹേർഡുമായുള്ള മാനനഷ്ടക്കേസിലെ വിജയം ആഘോഷമാക്കി ഹോളിവുഡ് താരം ജോണി ഡെപ്പ്. ഇതിനായി തെരഞ്ഞെടുത്തതാകട്ടെ ഇന്ത്യൻ ഹോട്ടലും. ബിർമിംഗ്ഹാമിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ സുഹൃത്തുക്കൾക്ക് വൻവിരുന്നാണ് ഡെപ്പ് നൽകിയത്. വിരുന്നിന് ശേഷം ഹോട്ടലിൽ ടിപ്പായി നൽകിയത് 62,000 ഡോളറും ( 48 ലക്ഷം രൂപ).
ഞായറാഴ്ച വൈകുന്നേരം ഇംഗ്ലണ്ടിലെ ബെർമിംഗ്ഹാമിലെ 'വാരാണസി' എന്ന ഇന്ത്യൻ റെസ്റ്റോറന്റിൽ അതിഗംഭീരമായ അത്താഴവിരുന്നാണ് സംഘടിപ്പിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ഭക്ഷണങ്ങൾക്ക് പുറമെ കോക് ടെയിലും റോസ് ഷാംപെയ്‌നുമാണ് ഇവർ ഓർഡർ ചെയ്തതെന്ന് ജീവനക്കാർ പറയുന്നു. ഇതിന് പുറമെയാണ് ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് 49 ലക്ഷം രൂപ ടിപ്പായി നൽകിയത്.
ഡെപ്പ് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ വരുമെന്ന് ഫോൺകോൾ വന്നപ്പോൾ ആദ്യം വിശ്വസിച്ചില്ലെന്നും പിന്നീട് അദ്ദേഹത്തിന്റെ അംഗരക്ഷകർ വന്ന് ഹോട്ടൽ പരിശോധിച്ചപ്പോഴാണ് സംഗതി സത്യമാണെന്ന് മനസിലായതെന്ന് വാരണാസി ഹോട്ടലിന്റെ ഓപ്പറേഷൻസ് ഡയറക്ടർ മുഹമ്മദ് ഹുസൈൻ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. 'സുരക്ഷയും സ്വകാര്യതയും മാനിച്ച് ഹോട്ടലിലെ സ്ഥലം മുഴുവൻ അവർക്കായി വിട്ടുകൊടുത്തു. ഏകദേശം മൂന്ന് മണിക്കൂറോളംഡെപ്പും സുഹൃത്തുക്കളും അവിടെ ചെലവഴിച്ചതായും എല്ലാവരും ഭക്ഷണം നന്നായി ആസ്വദിച്ചുകഴിച്ചു..' അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് വിർജീനിയയിലെ ഫെയർഫാക്‌സിലെ കോടതി ഹേർഡിനെതിരായ മാനനഷ്ടക്കേസിൽ ഡെപ്പിന് 15 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാൻ വിധിച്ചത്. ഇതിന് പുറമെ ഹേഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ടായിരുന്നു.
2018 ൽ 'ദ് വാഷിങ്ടണ്‍ പോസ്റ്റിൽ' താനൊരു ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹേഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്‍റെ സിനിമാ ജീവിതം തകർന്നതായി ഡെപ്പ് പറഞ്ഞു. ഡെപ്പിന്‍റെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെങ്കിലും ഭാര്യയുടെ ആ പരാമർശത്തോടെ 'പൈറേറ്റ്‌സ് ഓഫ് ദ് കരീബിയൻ' സിനിമാ പരമ്പരയിൽ നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിച്ചിരുന്നു. ഏതായാലും തനിക്കനുകൂലമായ വിധി വന്നതോടെ സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കുകയാണ് ജോണി ഡെപ്പ്.