300 കാറുകൾ, സ്വകാര്യ സൈന്യം, ജെറ്റുകൾ; മലേഷ്യയുടെ പുതിയ രാജാവിന്റെ സ്വത്ത്
ടൈർസാൽ പാർക്ക് ഉൾപ്പെടെ സിംഗപ്പൂരിൽ നാല് ബില്യൺ ഡോളർ വിലമതിക്കുന്ന ഭൂമി
ന്യൂഡൽഹി:മലേഷ്യയുടെ പുതിയ രാജാവായി അധികാരമേറ്റിരിക്കുകയാണ് 65 കാരനായ ജോഹർ സുൽത്താൻ ഇബ്രാഹിം ഇസ്‌കന്ദർ. 5.7 ബില്യൺ ഡോളറിന്റെ വമ്പൻ സമ്പാദ്യവും മലേഷ്യക്കപ്പുറവും പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യവും സ്വന്തമായുള്ളയാളാണ് പുതിയ സുൽത്താൻ. റിയൽ എസ്‌റ്റേറ്റ്, ഖനനം, ടെലികമ്യൂണിക്കേഷൻ, പാം ഓയിൽ എന്നിങ്ങനെ അനവധി മേഖലകളിലാണ് ഇബ്രാഹിം ഇസ്‌കന്ദർ കൈവെച്ചിട്ടുള്ളത്. 17ാം യാങ് ഡി-പെർത്വാൻ അഗോംഗായ ഇദ്ദേഹം അഞ്ച് വർഷമാണ് ഈ സ്ഥാനത്ത് തുടരുക.
ഫെരാരി ഓടിക്കുകയും ഇൻസ്റ്റഗ്രാമിൽ സജീവമായിരിക്കുകയും ചെയ്യുന്ന സുൽത്താനെന്നാണ് ഇബ്രാഹിമിനെ ബ്ലൂംബെർഗ് എക്‌സിൽ വിശേഷിപ്പിച്ചത്. അതിനെ ശരിവെക്കുന്നതാണ് രാജാവിന്റെ സമ്പാദ്യം. രാജാവിന് 300 ആഡംബര കാറുകൾ( ഒന്ന് അഡോൾഫ് ഹിറ്റ്‌ലർ സമ്മാനിച്ചതെന്ന് കരുതപ്പെടുന്നു), സ്വകാര്യ ജെറ്റുകൾ (ഗോൾഡ് ആൻഡ് ബ്ലൂ ബോയിംഗ് 737) തുടങ്ങിയവ സ്വന്തമായുണ്ട്. കുടുംബത്തിന് സുരക്ഷയൊരുക്കാൻ സ്വകാര്യ സൈന്യം തന്നെയുണ്ട്. ഇസ്താന ബുകിറ്റ് സെറെനെയെന്ന ഔദ്യോഗിക വസതി തന്നെ മലേഷ്യൻ രാജകുടുംബത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ്.
ബ്ലൂംബെർഗ് കണക്കുകൾ പ്രകാരമുള്ള 5.7 ബില്യൺ ഡോളർ സമ്പാദ്യത്തേക്കാൾ കൂടുതൽ സമ്പത്ത് സുൽത്താൻ ഇബ്രാഹിമിന് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മലേഷ്യയിലെ പ്രധാന മൊബൈൽ സേവനദാതാവായ യൂ മൊബൈലിൽ 24 ശതമാനം സ്‌റ്റേക്ക് അദ്ദേഹത്തിനുണ്ട്. പൊതു-സ്വകാര്യ കമ്പനികളിലായി 588 ദശലക്ഷം ഡോളർ നിക്ഷേപവുമുണ്ട്.
ബൊട്ടാണിക് ഗാർഡനിനോട് ചേർന്നുള്ള വിലയേറിയ പ്രദേശമായ ടൈർസാൽ പാർക്ക് ഉൾപ്പെടെ സിംഗപ്പൂരിൽ നാല് ബില്യൺ ഡോളർ വിലമതിക്കുന്ന ഭൂമിയും അദ്ദേഹത്തിനുണ്ട്. സുൽത്താന്റെ ഇൻവെസ്റ്റ്‌മെൻറ് പോർട്ട്‌ഫോളിയോ 1.1 ബില്യൺ ഡോളറാണ്. ഷെയറുകളിൽ നിന്നും റിയൽ എസ്‌റ്റേറ്റ് ഇടപാടിൽ നിന്നുമാണ് പ്രധാനവരുമാനം.
ഇന്ന് അധികാരമേറ്റ സുൽത്താൻ ഇബ്രാഹിം സിംഗപ്പൂർ നേതാക്കളുമായും ബിസിനസ് സംവിധാനങ്ങളുമായും അടുപ്പം സൂക്ഷിക്കുന്നയാളാണ്. ചൈനീസ് വ്യവസായികളുമായും ബന്ധമുണ്ട്. ഇതൊക്കെ ആഭ്യന്തര-വിദേശ നയങ്ങളിൽ പ്രതിഫലിച്ചേക്കും. നേരത്തെ ചൈനീസ് വമ്പന്മാരുമായി ചേർന്ന് സുപ്രധാന പദ്ധതികൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
65-year-old Johor Sultan Ibrahim Iskandar has been sworn in as Malaysia's new king.