"മാലദ്വീപ് ഇന്ത്യയോട് ക്ഷമ ചോദിക്കുന്നു" മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്
'തോക്കിൻകുഴലിലൂടെ ഭരണം നടത്താൻ നോക്കുകയാണ് മുഹമ്മദ് മുയിസു'
ന്യൂഡൽഹി : ഇന്ത്യക്കെതിരായ ബഹിഷ്‌കരണ ആഹ്വാനത്തിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് മുൻ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്. ടൂറിസം മേഖലയിലടക്കം പുതിയ നയം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാലിദ്വീപിലെ ജനങ്ങൾക്കു വേണ്ടി നഷീദ് ക്ഷമാപണം നടത്തി.
2023ൽ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെ ഇന്ത്യവിരുദ്ധ നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. തന്ത്രപരമായി ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലദ്വീപ്.ഇന്ത്യയുമായുള്ള ബന്ധം എല്ലാതരത്തിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മുയിസു. ഇന്ത്യയുമായുള്ള ബന്ധം മോശമായതോടെ ചൈന മാലദ്വീപുമായി കരാറുകളുണ്ടാക്കി.
'പുതിയ നയങ്ങൾ മാലദ്വീപിനെ മോശമായി സ്വാധീനിച്ചു, ഞാൻ യഥാർത്ഥത്തിൽ ഇവിടെ ഇന്ത്യയിലാണ്. എനിക്ക് വളരെ ആശങ്കയുണ്ട്. മാലദ്വീപിലെ ജനത്തോട് ക്ഷമിക്കണം, ഇത് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങൾ ഇന്ത്യൻ ജനതയെ ആഗ്രഹിക്കുന്നു. അവരുടെ അവധിക്കാലത്ത് മാലിദ്വീപിലേക്ക് വരൂ, ഞങ്ങളുടെ ആതിഥ്യ മര്യാദയിൽ ഒരു മാറ്റവും ഉണ്ടാകില്ല' -എന്നായിരുന്നു നഷീദിന്റ പ്രസ്താവന.
ചൈനയുമായുള്ളത് പ്രതിരോധ ഉടമ്പടിയല്ല ആയുധകരാറാണെന്ന് നഷീദ് പറഞ്ഞു.
ചൈനയിൽ നിന്നും റബ്ബർ ബുള്ളറ്റുകളും ടിയർഗ്യാസും വാങ്ങാൻ ഉദ്ദേശിക്കുന്ന മുയിസു ഭരണം തോക്കിൻ കുഴലിലൂടെയാക്കാൻ നോക്കുകയാണെന്നും നഷീദ് വിമർശിച്ചു.
നയതന്ത്ര ചർച്ചകളിലൂടെ ഇരുരാജ്യങ്ങളും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് വിശ്വാസമുണ്ടെന്നും നഷീദ് കൂട്ടിച്ചേർത്തു.