മാലദ്വീപിൽ ഇസ്രായേലി പൗരന്മാർക്ക് വിലക്ക്; ഫലസ്‌തീന് ധനസഹായമെത്തിക്കും

ഇസ്രായേലി പാസ്‌പോർട്ട് ഉടമകൾ മാലദ്വീപിൽ പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നിയമ ഭേദഗതികൾ നടത്താനും തീരുമാനം.

Update: 2024-06-02 15:38 GMT
Editor : banuisahak | By : Web Desk
Advertising

ഇസ്രായേലി പൗരന്മാർക്ക് പ്രവേശനം നിഷേധിച്ച് മാലദ്വീപ്. ജൂൺ രണ്ട് മുതൽ ഇസ്രായേലി പൗരന്മാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചതായി സുരക്ഷാ–സാങ്കേതിക മന്ത്രി അലി ഇഹ്സാൻ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രാഷ്ട്രപതിയുടെ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആഭ്യന്തര സുരക്ഷാ, സാങ്കേതിക മന്ത്രി അലി ഇഹ്‌സാൻ തീരുമാനം അറിയിച്ചത്. 

മന്ത്രിസഭയുടെ ശുപാർശയെ തുടർന്ന് ഇസ്രായേൽ പാസ്പോർട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി പ്രസിഡൻ്റ് ഡോ. മുഹമ്മദ് മുയിസുവും അറിയിച്ചു. ഇസ്രയേലി പാസ്‌പോർട്ട് ഉടമകൾ മാലിദ്വീപിൽ പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നിയമ ഭേദഗതികളും ഈ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിക്കുന്നതും മന്ത്രിസഭാ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഫലസ്തീനികളുടെ ആവശ്യങ്ങൾ വിലയിരുത്താൻ ഒരു പ്രത്യേക ദൂതനെ നിയമിക്കാനും പ്രസിഡൻ്റ് തീരുമാനിച്ചു. 'ഫലസ്തീനിലെ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ സഹായത്തോടെ ഫലസ്തീനിലെ സഹോദരീ സഹോദരന്മാരെ സഹായിക്കുന്നതിനായി ഒരു ധനസമാഹരണ കാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചതായി മുഹമ്മദ് മുയിസ് അറിയിച്ചു. 

ഫലസ്തീൻ പൗരന്മാർക്ക് പിന്തുണ നൽകുന്നതിനായി "മാലദ്വീപുകാർ പലസ്തീനുമായി ഐക്യദാർഢ്യത്തിൽ" എന്ന മുദ്രാവാക്യവുമായി രാജ്യവ്യാപകമായി റാലി നടത്താനും ദ്വീപ് രാഷ്ട്രം തീരുമാനിച്ചിട്ടുണ്ട്. 

റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മാലദ്വീപ് നടപടി കടുപ്പിച്ചത്. നേരത്തെ, റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ മാലദ്വീപ് അപലപിച്ചിരുന്നു. സാധാരണക്കാർക്ക് നേരെയുള്ള ഇത്തരം ബോധപൂർവമായ ആക്രമണവും വംശഹത്യയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

കഴിഞ്ഞയാഴ്ച ഗസ്സയുടെ തെക്കൻ നഗരമായ റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 35 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News