ക്രിസ്മസ് ദിനം പെൺവേഷത്തിൽ സ്ത്രീകളുടെ ബാത്ത്റൂമിലെത്തി ദൃശ്യങ്ങൾ പകർത്തിയയാൾ പിടിയിൽ

തടഞ്ഞവർക്കു നേരെ തോക്ക് ചൂണ്ടിയാണ് ഇയാൾ സ്ഥലത്തു നിന്ന് രക്ഷപെട്ടതെന്ന് പൊലീസ് പറഞ്ഞു.

Update: 2022-12-27 13:22 GMT
Advertising

ക്രിസ്മസ് ദിനത്തിൽ മാളിലെ കുളിമുറിയിൽ സ്ത്രീ വേഷം ധരിച്ചെത്തി സ്ത്രീകളുടെ ഫോട്ടോ പകർത്തിയ 45കാരൻ പിടിയിൽ. സംശയാസ്പദമായ രീതിയിൽ പ്രതിയെ കണ്ട ഒരു യുവതി ഒച്ചവയ്ക്കുകയും തടഞ്ഞുവയ്ക്കാൻ ശ്രമിക്കുകയും ചെയ്തതോടെ തോക്ക് ചൂണ്ടി രക്ഷപെട്ടയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ടെക്സാസിലെ ഫോർട്ട് വർത്തിലെ ​ഹ്യൂലൻ മാളിൽ ഡിസംബർ 25ന് വൈകീട്ട് നാലരയ്ക്കാണ് സംഭവം. ​ഡ​ഗ്ലസ് ഏ​ഗൻ എന്നയാളാണ് അറസ്റ്റിലായത്. തടഞ്ഞവർക്കു നേരെ തോക്ക് ചൂണ്ടിയാണ് ഇയാൾ സ്ഥലത്തു നിന്ന് രക്ഷപെട്ടതെന്ന് പൊലീസ് പറഞ്ഞു.

മാരകായുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിനും സ്ത്രീകളുടെ ഫോട്ടോ പകർത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മാളിലെത്തിയ സ്ത്രീകളിൽ ഒരാൾ ബാത്ത്റൂമിനടുത്ത് ഒരു ഫോൺ കണ്ടതോടെയാണ് പ്രതി കുടുങ്ങിയത്. ഉടൻ തന്നെ പ്രതിയെ നേരിട്ട സ്ത്രീ, സംശയിക്കാതിരിക്കാനും പെട്ടെന്ന് പിടിയിലാവാതിരിക്കാനും പെൺവേഷം ധരിച്ചു നിൽക്കുകയായിരുന്നു ഇയാളെന്നും പറഞ്ഞു. തുടർന്ന് സ്ത്രീ ഇയാളെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചു.

ഇതോടെ, യുവതിയെ പ്രതി കൈയേറ്റം ചെയ്യുന്നത് കണ്ട മറ്റൊരാൾ ഇടപെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇരുവർക്കും നേരെ തോക്ക് ചൂണ്ടി രക്ഷപെടുകയായിരുന്നു. തുടർന്ന്, ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി പിന്നീട് പിടിയിലാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഡ​ഗ്ലസിനെ ടാരന്റ് കൗണ്ടി കറക്ഷൻസ് സെന്ററിൽ തടവിലാക്കിയിരിക്കുകയാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News