'മൂട്ടകള്‍ ജീവനോടെ തിന്നു'! ജയിൽ മുറിയിൽ 35 കാരൻ മരിച്ച നിലയിൽ
മരിച്ചയാളുടെ ശരീരത്തില്‍ നിറയെ മൂട്ടകളായിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു
അറ്റ്‌ലാന്റ: യുഎസിലെ അറ്റ്ലാന്റയിലെ ജയിൽ മുറിക്കുള്ളിൽ തടവുകാരൻ മൂട്ട കടിയേറ്റ് മരിച്ചതായി പരാതി. മോഷണക്കുറ്റത്തിന് ജയിലടച്ച 35കാരനായ ലാഷോർ തോംസണെന്ന തടവുകാരനെ മൂട്ടകളും പ്രാണികളും ജീവനോടെ തിന്നുകയായിരുന്നെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ ആരോപിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.അദ്ദേഹത്തിന്റെ മരണത്തിൽ ക്രിമിനൽ അന്വേഷണം വേണമെന്നും ജയിൽ അടച്ചുപൂട്ടുകയും വേറെ സ്ഥലത്ത് മാറ്റി സ്ഥാപിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
2022 ജൂൺ 12 ന് അറ്റ്‌ലാന്റയിൽ ബാറ്ററി ചാർജിന്റെ പേരിലാണ് ലാഷോൺ തോംസണെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഫുൾട്ടൺ കൗണ്ടി ജയിലിലേക്ക് മാറ്റി. ഇയാൾ മാനസികരോഗിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെത്തുടർന്ന് മാനസികരോഗ വിഭാഗത്തിൽ പാർപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 2022 സെപ്റ്റംബർ 13-ന്, തോംസണെ ജയിൽ സെല്ലിൽ അനക്കമില്ലാതെ കണ്ടെത്തുകയായിരുന്നു. സിപിആർ നൽകിയെങ്കിലും ഫലമുണ്ടായില്ല.പിന്നീട് മരിച്ചതായി അറിയിക്കുകയായിരുന്നു.
അതേസമയം, തോംസണെ വൃത്തിഹീനമായ ജയിൽ മുറിയിൽ പ്രാണികളും മൂട്ടകളും ജീവനോടെ തിന്നു മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും മാനസികരോഗിയാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരിലൊരാൾ സിപിആർ നൽകാൻ വിസമ്മതിച്ചെന്നും കുടുംബം ആരോപിച്ചു. ഫുൾട്ടൺ കൗണ്ടി ജയിലിന്റെ വൃത്തിഹീനമായ അവസ്ഥയാണ് മരണത്തിന് കാരണമായി അഭിഭാഷകനായ മൈക്കൽ ഡി ഹാർപ്പർ പറഞ്ഞു. ജയിൽ ജീവനക്കാരുടെ കടുത്ത അശ്രദ്ധയാണ് മരണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ജയിലിന്റെ വൃത്തിഹീനമായ ചിത്രങ്ങളും തോംസന്റെ ശരീരവുമുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അതേസമയം, തോംസണന്റെ ശരീരത്തിൽ മർദനത്തിന്റെയോ മറ്റ് പരിക്കുകളുടെ ലക്ഷണമില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കടുത്ത മൂട്ട കടിയുണ്ടായിട്ടുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ടെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചയാളുടെ ശരീരം മൂട്ട( ബെഡ് ബഗുകൾ) കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു,' മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടിൽ പറയുന്നു.
തോംസന്റെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫുൾട്ടൺ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു. ബെഡ് ബഗുകൾ, പേൻ, മറ്റ് കീടങ്ങൾ എന്നിവയുടെ ആക്രമണം നേരിടാൻ 500,000 ഡോളർ ചെലവഴിക്കുമെന്നും സുരക്ഷയും മറ്റ് സൗകര്യങ്ങളും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഓഫീസ് അറിയിച്ചു.
മൂട്ട കടികൾ സാധാരണയായി മാരകമായ പ്രശ്നമല്ല.എന്നാല്‍ ചില അപൂർവ സന്ദർഭങ്ങളിൽ തുടര്‍ച്ചയായുള്ള മൂട്ടകടി ഗുരുതരമായ അനീമിയയ്ക്ക് കാരണമാകും, ഇത് ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാം," കെന്റക്കി സർവകലാശാലയിലെ കീടശാസ്ത്രജ്ഞനായ മൈക്കൽ പോട്ടറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.