ജൂതവിരുദ്ധതക്കെതിരെ ലണ്ടനില്‍ അരലക്ഷം പേര്‍ അണിനിരന്ന റാലി

'ബ്രിട്ടീഷ് ജൂതന്‍മാര്‍ക്കൊപ്പം, ജൂതവിരുദ്ധരോട് സഹിഷ്ണുതയില്ല' എന്നെഴുതിയ പക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാരെത്തിയത്

Update: 2023-11-27 05:38 GMT
Editor : Jaisy Thomas | By : Web Desk

ലണ്ടനില്‍ നടന്ന റാലി

ലണ്ടന്‍: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിനു പിന്നാലെ ജൂതന്മാർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിച്ചതിൽ പ്രതിഷേധിച്ച് ഞായറാഴ്ച ലണ്ടനിൽ നടന്ന റാലിയില്‍ 50,000 ത്തോളം പേര്‍ പങ്കെടുത്തു. 'ബ്രിട്ടീഷ് ജൂതന്‍മാര്‍ക്കൊപ്പം, ജൂതവിരുദ്ധരോട് സഹിഷ്ണുതയില്ല' എന്നെഴുതിയ പക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാരെത്തിയത്.

ചിലര്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളുടെ ചിത്രങ്ങളുമായാണ് എത്തിയത്. പ്രതിഷേധക്കാരില്‍ ചിലര്‍ ഹീബ്രു ഭാഷയിൽ മുദ്രാവാക്യം വിളിച്ചപ്പോള്‍ മറ്റുള്ളവര്‍ ബന്ദികളെ പരാമർശിച്ച് "അവരെ വീട്ടിലേക്ക് കൊണ്ടുവരൂ" എന്ന് ആക്രോശിച്ചു.''എന്‍റെ ജൂത സമൂഹത്തെ പിന്തുണയ്ക്കാൻ ഞാൻ ഇവിടെയുണ്ട്. നമ്മൾ സ്വയം നിലകൊള്ളണം എന്ന് ഞാൻ കരുതുന്നു, നമ്മൾ സ്വയം നിലകൊള്ളുന്നില്ലെങ്കിൽ, ആരാണ് നമ്മുടെ കൂടെ നില്‍ക്കുക?" എവ്രഹാം എൽ ഹേ എന്ന വിദ്യാർഥി പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 1നും നവംബര്‍ 1നും ഇടയില്‍ ജൂതര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച 554 പരാതികളാണ് ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസിന് ലഭിച്ചത്. ഒരു വര്‍ഷം മുന്‍പ് ഇത് 44 ആയിരുന്നു. ഇത് പത്ത് മടങ്ങാണ് വര്‍ധിച്ചത്. ഇതേ കാലയളവിൽ ഇസ്‌ലാമോഫോബിക് കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ ഏകദേശം മൂന്നിരട്ടിയായി 220 ആയി.

Advertising
Advertising

"ഈ രാജ്യത്ത് വംശീയതയ്ക്ക് സ്ഥാനമില്ലെന്ന് ആളുകൾക്ക് മനസിലാക്കാൻ ഈ മാര്‍ച്ചിലൂടെ സാധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.നമ്മൾ എല്ലാവരും തുല്യരാണ്. യഹൂദർക്ക് ഇപ്പോൾ സംഭവിക്കുന്നത് തികച്ചും അസ്വീകാര്യമാണ്'' ട്രാവല്‍ ഏജന്‍റായ കേറ്റ് വര്‍ത്ത് പറഞ്ഞു. യഹൂദവിരുദ്ധ പരാമർശങ്ങൾ നടത്തിയ ആരോപിച്ച ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗസ്സയില്‍ സ്ഥിരം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഫലസ്തീൻ അനുകൂല പ്രക്ഷോഭകർ ബ്രിട്ടീഷ് തലസ്ഥാനത്ത് നടത്തിയ ഏറ്റവും പുതിയ പ്രകടനത്തിന് പിന്നാലെയായിരുന്നു ഞായറാഴ്ച മാര്‍ച്ച് സംഘടിപ്പിച്ചത്. ശനിയാഴ്ച നടന്ന പ്രകടനത്തിൽ 45,000 പേർ അണിനിരന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടെങ്കില്‍ ഞായറാഴ്ച നടന്ന പ്രതിഷേധത്തിൽ 50,000 പേർ പങ്കെടുത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News