‘ഇസ്രായേലി സൈന്യത്തിന്റെ ക്രൂരതകൾ മറച്ചുപിടിച്ച് സഹതാപം സൃഷ്ടിക്കുന്നു’; സിഎൻഎന്നിനെതിരെ വൻ പ്രതിഷേധം
നൂറോളം ഫലസ്തീനികളുടെ ദേഹത്തിലൂടെ ബുൾഡോസർ ഓടിച്ച സൈനികരുടെ മാനസിക സംഘർഷമാണ് ലേഖനം എടുത്തുപറയുന്നത്
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ ക്രൂരതകൾ മറച്ചുപിടിച്ച് സൈന്യത്തിന്റെ മാനസിക പ്രശ്നങ്ങളെക്കെുറിച്ച് സിഎൻഎൻ തയാറാക്കിയ ലേഖനത്തിനെതിരെ വൻ പ്രതിഷേധം. ഗസ്സയിൽനിന്ന് മടങ്ങിയെത്തിയ സൈനികരിൽ വലിയൊരു വിഭാഗം മാനസികമായ ആഘാതത്തിലാണെന്നും പലരും ആത്മഹത്യ ചെയ്യുകയാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്. എന്താണ് മാനസികാഘാതത്തിന് കാരണമായതെന്നും അമേരിക്കൻ വാർത്താമാധ്യമമായ സിഎൻഎന്നിന്റെ ലേഖനത്തിലുണ്ട്. പക്ഷെ, ഈ വിവരങ്ങൾക്ക് വലിയ പ്രാധാന്യം നൽകാതെ സൈനികർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളിലാണ് ലേഖനം ഊന്നൽ നൽകുന്നത്.
ഗസ്സയിൽനിന്ന് മടങ്ങിയെത്തിയ സൈനികൻ, ഡോക്ടർ, ആത്മഹത്യ ചെയ്ത സൈനികന്റെ കുടുംബം എന്നിവരെയെല്ലാം അഭിമുഖം നടത്തിയാണ് ലേഖനം തയാറാക്കിയിട്ടുള്ളത്. ഇതിൽ സൈന്യത്തിന്റെ ബുൾഡോസറിൽ സഹഡ്രൈവറായിരുന്ന ഒരാൾ പറയുന്നത് ബുൾഡോസർ ഉപയോഗിച്ച് മരിച്ചവരും ജീവനുള്ളവരുമായ നൂറുകണക്കിന് പേരുടെ ദേഹത്ത് കൂടി ബുൾഡോസർ പായിച്ചിട്ടുണ്ടെന്നാണ്. ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിൽനിന്ന് എല്ലാം പുറത്തുചാടുന്നത് കാണാം. ഇതിന് ശേഷം തനിക്ക് ഇറച്ചി കഴിക്കാൻ സാധിക്കുന്നില്ലെന്നും ഇയാൾ പറയുന്നുണ്ട്.
ആയിരക്കണക്കിന് പേരാണ് ലേഖനത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശിക്കുന്നത്. ഇസ്രായേൽ സൈനികരോട് സഹതാപം സൃഷ്ടിക്കാനും അവർ ചെയ്ത ക്രൂരതകളുടെ മാനുഷികവും നിയമപരവുമായ കാര്യങ്ങൾ ചർച്ച ചെയ്യാതെ അവരെ വെള്ളപൂശാനാണ് ലേഖനം ശ്രമിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഇസ്രായേലിന്റെ വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവ അന്താരാഷ്ട്ര കോടതികളിൽ വിചാരണ നേരിടവെയാണ് ഈ രീതിയിലുള്ള ലേഖനം പുറത്തുവരുന്നത്.
‘ഈ കൊലപാതകികൾ 21ാം നൂറ്റാണ്ടിലെ വംശഹത്യയുടെയും ഉന്മൂലനത്തിന്റെയും ഏറ്റവും ഭയാനകമായ പ്രവൃത്തികളാണ് ചെയ്യുന്നത്. എന്നാൽ, സിഎൻഎൻ പോലുള്ള പാശ്ചാത്യ മാധ്യമങ്ങൾ ഈ കുറ്റവാളികളുടെ വ്യക്തിപരമായ പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് അവരെ മാനുഷികമാക്കുന്ന കഥകൾ സൃഷ്ടിക്കുകയാണ്’ -ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫലസ്തീൻ സ്റ്റഡീസ് ഡയറക്ടർ ജിഹാദ് അബുസലീം ‘എക്സി’ൽ കുറിച്ചു.
ഞങ്ങളുടെ കുഞ്ഞുങ്ങൾ, സഹോദരങ്ങൾ, അയൽവാസുകൾ, സുഹൃത്തുക്കൾ, അധ്യാപകർ, പ്രഫസർമാർ, ഡോക്ടർമാർ, നഴ്സുമാർ എന്നിവരെല്ലാം ദിവസേന കൊല്ലപ്പെടുകയും ചുട്ടെരിക്കുകയും ചെയ്യുന്നു. സഹാനുഭൂതിയും പിന്തുണയും ലഭിക്കാനായി അവരുടെ മരണങ്ങൾ പരാമർശിക്കുന്നേയില്ല. കഥകളും പേരുകളും പരാമർശങ്ങളുമില്ലാതെ വെറും സംഖ്യ മാത്രമായി അവരെ ചുരുക്കിയെന്നും അബുസലീം എക്സിൽ കൂട്ടിച്ചേർത്തു.
‘ഫലസ്തീനികൾ ബുൾഡോസറിനടിയിൽപെട്ട് ചതഞ്ഞരയുന്നത് കാര്യമാക്കേണ്ട. അവരെ ഈ ഗതിയിലാക്കിയ ഇസ്രായേലി സൈനികരുടെ മാനസിക സംഘർഷങ്ങളിലേക്ക് ശ്രദ്ധിക്കാം -എന്ന് മറ്റൊരാൾ എക്സിൽ വിമർശിച്ചു. ‘ബുൾഡോസറിലെ സഹഡ്രൈവർ ശരീരം പൊട്ടിത്തെറിക്കുന്നതിന്റെയും അത് കണ്ട് മാസം കഴിക്കാൻ സാധിക്കാത്തതിന്റെയും കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ, അടുത്ത ശ്വാസത്തിൽ ഗസ്സയിലെ ജനങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ്’ -മറ്റൊരാൾ പറയുന്നു.
സിഎൻഎന്നിന്റെ ഈ ലേഖനം ഫലസ്തീനികളെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ കവറേജിന്റെ നേർചിത്രമാണെന്ന് പലരും കുറ്റപ്പെടുത്തുന്നുണ്ട്. ഗസ്സയിൽ നടക്കുന്ന ഇസ്രായേലി ക്രൂരതകളെ ന്യായീകരിക്കുകയാണ് അവർ. പാശ്ചാത്യ മാധ്യമങ്ങൾ ഇത്ര അഴിമതി നിറഞ്ഞതായിരുന്നില്ലെങ്കിൽ, ഈ ലേഖനത്തിന്റെ യഥാർഥ തലക്കെട്ട് ‘ഇസ്രായേലി സൈനികർ നൂറുകണക്കിന് ആളുകളുടെ മുകളിലൂടെ ബുൾഡോസർ കയറ്റി അവരുടെ ശരീരം ചിതറുന്നത് നോക്കിനിന്നു’ എന്നായിരിക്കുമെന്ന് ഒരാൾ പറയുന്നു.
ഗസ്സയിൽനിന്ന് തിരിച്ചുവരുന്ന ഇസ്രായേലി സൈനികർ കടുത്ത മാനസികാഘാതത്തിലാണെന്നും പലരും ആത്മഹത്യ ചെയ്യുന്നതായും സിഎൻഎന്നിന്റെ ലേഖനത്തിലുണ്ട്. യുദ്ധസമയത്ത് നേരിട്ട മാനസികാഘാതം കാരണം നിരവധി സൈനികർക്കാണ് പരിചരണം നൽകുന്നതെന്ന് ഇസ്രായേൽ സൈന്യം പറയുന്നു. അതേസമയം, ഇസ്രായേലി സൈന്യം കൃത്യമായി കണക്ക് നൽകാത്തതിനാൽ എത്രപേർ ആത്മഹത്യ ചെയ്തുവെന്നത് വ്യക്തമല്ല.
ലെബനാനുമായുള്ള യുദ്ധത്തിലേക്ക് തങ്ങളെ പറഞ്ഞയക്കുമോ എന്ന ഭയത്തിലാണ് പലരുമുള്ളതെന്ന് ഗസ്സയിൽ പ്രവർത്തിച്ചിരുന്ന ഇസ്രായേൽ പ്രതിരോധ സേനയിലെ ഡോക്ടർ പറയുന്നു. തങ്ങളിൽ പലരും ഇപ്പോൾ സർക്കാരിനെ വിശ്വസിക്കുന്നില്ലെന്നും പേര് വെളിപ്പെടുത്താത്ത ഡോക്ടർ വ്യക്തമാക്കി. പുറംലോകത്തിന് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ഭീകരതകൾക്കാണ് തങ്ങൾ സാക്ഷ്യംവഹിച്ചതെന്ന് ഗസ്സയിൽ യുദ്ധം ചെയ്ത സൈനികരും സിഎൻഎന്നിനോട് പറയുന്നുണ്ട്. എന്നാൽ, ഈ ഭീകരതകളിൽ ശ്രദ്ധകേന്ദ്രീകരിക്കാതെ അവരുടെ മാനസിക സംഘർഷങ്ങളെ എടുത്തുകാണിച്ച് സഹതാപം സൃഷ്ടിക്കാനാണ് ലേഖനം ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം.