ഗസ്സയിൽ പുതിയ വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ച് മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും
ബന്ദികളുടെ മോചനം, ഫലസ്തീൻ തടവുകാരെ വിട്ടയയ്ക്കൽ, ആക്രമണം അവസാനിപ്പിക്കൽ, സൈനിക പിൻമാറ്റം എന്നിവ ഉൾപ്പെടുന്നതാണ് നിർദേശം.
ഗസ്സസിറ്റി: ഇസ്രായേലിനും ഹമാസിനും മുന്നിൽ പുതിയ വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ച് മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും. ഇരുപക്ഷവും കൈറോയിൽ ചർച്ച നടത്തും.
18 മാസമായി ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ ഖത്തറും ഈജിപ്തും പുതിയ നിർദേശം തയാറാക്കിയതായാണ് റിപ്പോർട്ട്. ബന്ദികളുടെ മോചനം, ഫലസ്തീൻ തടവുകാരെ വിട്ടയയ്ക്കൽ, ആക്രമണം അവസാനിപ്പിക്കൽ, സൈനിക പിൻമാറ്റം എന്നിവ ഉൾപ്പെടുന്നതാണ് നിർദേശം. ഏഴു വർഷം വരെ നീളുന്ന സമാധാന ഉടമ്പടി നിർദേശം ചർച്ച ചെയ്യാൻ, ഖലീലുൽ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം കൈറോയിലെത്തും.
ഇസ്രായേൽ സംഘം ഇതിനകം കൈറോയിൽ എത്തിയതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഇസ്രായേലിന്‍റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. അതേസമയം ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ ബന്ദികളെ തിരിച്ചെത്തിച്ച ശേഷം മതി ഹമാസിനെ ഇല്ലായ്മ ചെയ്യലെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് പ്രതികരിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം 43 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതിനിടെ ജറൂസലേമിലെ പശ്ചിമ മലനിരകളിൽ രൂപപ്പെട്ട വൻ കാട്ടുതീ ഇസ്രായേലിന് പുതിയ വെല്ലുവിളിയായി. നൂറുകണക്കിന് അഗ്നിശമന യൂണിറ്റുകള്‍ രണ്ടു ദിവസമായി പരിശ്രമിച്ചിട്ടും തീയണക്കാൻ കഴിഞ്ഞിട്ടില്ല. ജറൂസലേം, തെൽ അവീവ് ഹൈവേയിലേക്കും തീ പടരുന്നതായാണ് റിപ്പോർട്ട്.