മെഹുൽ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡൊമിനിക്ക കോടതി തള്ളി

തന്നെ ഒരു സംഘം ദ്വീപിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും കുറ്റക്കാരനല്ലെന്നും ചോക്‌സി കോടതിയിൽ വാദിച്ചു

Update: 2021-06-03 10:04 GMT
Editor : Shaheer | By : Web Desk

ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൊമിനിക്കന്‍ പൊലീസിന്‍റെ പിടിയിലായ വജ്രവ്യാപാരി മെഹുൽ ചോക്‌സിക്ക് ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കി കോടതി. പഞ്ചാബ് നാഷനൽ ബാങ്ക് വായ്പാ തട്ടിപ്പിൽ പിടികിട്ടാപുള്ളിയായ ചോക്‌സി ആന്റിഗയിൽനിന്ന് അനധികൃതമായി രാജ്യത്തേക്ക് കടന്ന കേസിലാണ് ഡൊമിനിക്ക കോടതിയുടെ വിധി.

താൻ കുറ്റക്കാരനല്ലെന്നും തന്നെ ഒരു സംഘം ദ്വീപിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നുമാണ് ചോക്‌സി കോടതിയിൽ വ്യക്തമാക്കിയത്. സമാനമായ കേസിൽ ഡൊമിനിക്കയിൽ പിടിയിലായ നിരവധി പേർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ഇതിനാൽ ചോക്‌സിക്കും ജാമ്യം നൽകണമെന്നും ഇദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ജാമ്യവ്യവസ്ഥയിൽ കർശന നിബന്ധനകൾ ചേർത്തിട്ടാണെങ്കിലും ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. ജാമ്യത്തിന് കെട്ടിവയ്‌ക്കേണ്ട തുകയുടെ ഇരട്ടി നൽകാനും തയാറാണെന്നും ഇദ്ദേഹം അറിയിച്ചു.

Advertising
Advertising

എന്നാൽ, ചോക്‌സിക്ക് ജാമ്യം നൽകരുതെന്ന് ഡൊമിനിക്കൻ ഭരണകൂടം കോടതിയോട് ആവശ്യപ്പെട്ടു. പ്രതിക്ക് ഇവിടെ യാതൊരു ബന്ധങ്ങളുമില്ല. അതിനാൽ ജാമ്യം അനുവദിച്ചാൽ ഡൊമിനിക്കയിൽനിന്നും രക്ഷപ്പെടാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ 11ഓളം സാമ്പത്തിക തട്ടിപ്പുകേസുകൾ നേരിടുന്ന ചോക്‌സിക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡൊമിനിക്ക ഭരണകൂടത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

വാദം കേട്ട ശേഷം മജിസ്‌ട്രേറ്റ് ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളി. വിഷയത്തിന്റെ ഗൗരവം കണക്കാക്കി പ്രതിക്ക് ജാമ്യം നൽകാനുള്ള ഒരു വകുപ്പും കാണുന്നില്ലെന്ന് മജിസ്‌ട്രേറ്റ് കാൻഡിയ കാരറ്റ് ജോർജ് വ്യക്തമാക്കി. കേസിൽ വാദം കേൾക്കുന്നത് ഈ മാസം 14ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

വീൽചെയറിലാണ് ചോക്‌സി കോടതിയിൽ ഹാജരായത്. നീല ടിഷർട്ടും കറുത്ത ഷോർട്ടുമായിരുന്നു വസ്ത്രം. നാടുകടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനായി സിബിഐ സംഘവും ഡൊമിനിക്കയിലെത്തിയിട്ടുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News