സ്വകാര്യത കുട്ടിക്കളിയല്ല! മെറ്റയ്ക്ക് വമ്പൻ പണി, 10,000 കോടി പിഴ

യൂറോപ്യൻ യൂനിയൻ പൗരന്മാരുടെ വ്യക്തിവിവരങ്ങൾ യു.എസിലെത്തിച്ചതുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്ക് മാതൃസ്ഥാപനത്തിനെതിരെ റെക്കോർഡ് പിഴ ചുമത്തിയത്

Update: 2023-05-22 14:09 GMT
Editor : Shaheer | By : Web Desk
Advertising

ഡബ്ലിൻ: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ കൈമാറിയതിന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് വമ്പൻ പിഴ. ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മിഷൻ ആണ് കമ്പനിയ്ക്ക് 1.3 ബില്യൻ ഡോളർ(ഏകദേശം 10,000 കോടി രൂപ) പിഴ ചുമത്തിയത്. യൂറോപ്യൻ യൂനിയന്റെ വിവര കൈമാറ്റ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

2018 മേയ് 25ന് നിലവിൽ വന്ന ഇ.യു ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിന്റെ ലംഘനമാണ് മെറ്റയ്‌ക്കെതിരെ ചൂണ്ടിക്കാട്ടുന്നത്. ഉപയോക്താക്കളുടെ വിവരം യു.എസിലേക്ക് കൈമാറിയെന്ന് കണ്ടെത്തിയത്. മെറ്റയ്ക്കു കീഴിലുള്ള ഫേസ്ബുക്കിനെതിരെയാണ് കുറ്റാരോപണം.

നീതീകരിക്കാനാകാത്ത പിഴയാണിതെന്ന് മെറ്റ വാർത്താകുറിപ്പിലൂടെ പ്രതികരിച്ചു. അനാവശ്യ പിഴയാണ് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മിഷൻ ചുമത്തിയത്. ഇതിനെതിരെ നിയമനടപടി കൈക്കൊള്ളും. പിഴ സ്റ്റേ ചെയ്യാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ യു.എസിലെ കമ്പനി ആസ്ഥാനത്താണ് സൂക്ഷിക്കുന്നത്. ഇതിനെതിരെ സ്വകാര്യതാ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ആസ്ട്രിയൻ സാമൂഹിക പ്രവർത്തകൻ ഫേസ്ബുക്കിനെതിരെ നിയമയുദ്ധം നടത്തുന്നുണ്ട്. തുടർന്നാണ്, ഇ.യു പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സുരക്ഷിതമായി യു.എസിൽ എത്തിക്കുന്നതിന് പുതിയ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ മാസം മെറ്റ പ്രഖ്യാപിച്ചത്.

2021ൽ ഇ.യു ആമസോണിനു ചുമത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ് പിഴ. 746 മില്യൻ യൂറോയായിരുന്നു അന്ന് സ്വകാര്യതാ നിയമങ്ങളുടെ ലംഘനത്തിന്റെ പേരിൽ ആമസോണിന് ഏറ്റുവാങ്ങേണ്ടിവന്നത്.

Summary: The Irish Data Protection Commission on Monday fined Meta a record 1.3 billion dollar(almost Rs 10,000 Cr) fine over violating data transfer rules in the European Union

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News