മ്യാന്മാറിൽ മുൻ എം.പിമാരടക്കം നാല് ജനാധിപത്യ പ്രവർത്തകരെ പട്ടാള ഭരണകൂടം തൂക്കിക്കൊന്നു

ജനാധിപത്യ പ്രവർത്തകരായ കോ ജിമ്മി, ഹൈ സെയ ത്വാ, ഹ്ല മിയോ ഓങ്, ഓങ് സ്വാ എന്നിവരെയാണ് തൂക്കിക്കൊന്നത്

Update: 2022-07-25 10:19 GMT
Editor : Dibin Gopan | By : Web Desk
Advertising

നയ്പിയ്‌ദോ: മ്യാന്മറിൽ നാല് ജനാധിപത്യ നേതാക്കളെ തൂക്കിക്കൊന്നു. പട്ടാള ഭരണകൂടമാണ് വധശിക്ഷ നടപ്പാക്കിയത്. ഭീകരവാദ പ്രവർത്തനം ആരോപിച്ചായിരുന്നു പട്ടാള നടപടി. മൂന്നു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് മ്യാന്മറിൽ വധശിക്ഷ നടപ്പിലാക്കുന്നത്.

ജനാധിപത്യ പ്രവർത്തകരായ കോ ജിമ്മി, ഹൈ സെയ ത്വാ, ഹ്ല മിയോ ഓങ്, ഓങ് സ്വാ എന്നിവരെയാണ് തൂക്കിക്കൊന്നത്. സൈന്യത്തിനെതിരെ സമരങ്ങൾ നടത്തിയതിനാണ് ഇവരെ മ്യാന്മർ സൈന്യം തടങ്കലിലാക്കിയത്. ജനുവരിയിൽ ആണ് ഇവർക്ക് വധശിക്ഷ വിധിച്ചത്.

പ്രവർത്തകരെ കൊന്നതിൽ വ്യാപക പ്രതിഷേധങ്ങളുയരുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ മ്യാൻമറിനെതിരെ കൂടുതൽ ഉപരോധം കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. മ്യാൻമറിൽ 2021ലാണ് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. ഈ ജനാധിപത്യ അട്ടിമറി വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. അതോടൊപ്പം മനുഷ്യാവകാശ ലംഘനങ്ങളും മ്യാൻമറിൽ രൂക്ഷമായി.

ഓങ് സാൻ സി ക്വിയെ തടങ്കലിലായതും സൈന്യത്തിന്‍റെ നീക്കമായിരുന്നു. എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ജൻത സൈന്യം ക്രൂരമായി അടിച്ചമർത്തുന്നുണ്ട്. നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ(എൻ.എൽ.ഡി) വക്താവായ ക്വേ ഹത്വേ പറയുന്നത് അവസാന സൈനിക അട്ടിമറിയെ തുടർന്ന അധികാരം നേടിയ സൈന്യം 48 രാഷ്ട്രീയ പ്രവർത്തകരെ കൊല്ലുകയും 900 നിയമപാലകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ്. ഇതിൽ എട്ട് പേരുടേത് കസ്റ്റഡി മരണമാണ്. മുൻ എം.പി ഉൾപ്പെടെ 29പേരെ കാരണങ്ങളില്ലാതെയുമാണ് കൊന്നിരിക്കുന്നത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News