'എൻജിനീയർ, ഗ്യാസ് കമ്പനി ജീവനക്കാരൻ'; ആരാണ് സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അൽ ബഷീർ

2025 മാർച്ച് ഒന്ന് വരെയാണ് ബഷീർ ഇടക്കാല സർക്കാരിനെ നയിക്കുക.

Update: 2024-12-11 12:57 GMT
Advertising

ദമസ്‌കസ്: ബശ്ശാറുൽ അസദിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കപ്പെട്ട സിറിയയിൽ മുഹമ്മദ് അൽ ബഷീറിനെയാണ് വിമതർ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചത്. വിമതരുടെ നിയന്ത്രണത്തിലായിരുന്ന വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബിൽ ഭരണത്തിന് നേതൃത്വം നൽകിയത് ബഷീർ ആയിരുന്നു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് ജലാലി, വൈസ് പ്രസിഡന്റ് ഫൈസൽ മിഖ്ദാദ് എന്നിവരുമായി വിമത സേനാ തലവൻ അബൂ മുഹമ്മദ് ജുലാനി തിങ്കളാഴ്ച ചർച്ച നടത്തിയ ശേഷമാണ് മുഹമ്മദ് അൽ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. 2025 മാർച്ച് ഒന്ന് വരെയാണ് ബഷീർ ഇടക്കാല സർക്കാരിനെ നയിക്കുക.

1983ൽ ഇദ്‌ലിബിലെ ജബലുൽ സാവിയയിലാണ് മുഹമ്മദ് അൽ ബഷീർ ജനിച്ചത്. അലപ്പോ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക് എൻജിനീയറിങ്ങും ഇദ്‌ലിബ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇസ്‌ലാമിക് ലോയും പഠിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സിറിയൻ സ്റ്റേറ്റ് ഗ്യാസ് കമ്പനിയിൽ എൻജിനീയറായിരുന്നു.

2021ലാണ് ജോലി രാജിവെച്ച് ഇദിലിബിൽ വിമതർക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. 2022-2023 കാലത്ത് ഇദിലിബിലെ താത്കാലിക സർക്കാരിൽ മന്ത്രിയായി പ്രവർത്തിച്ചു. ജനുവരിയിൽ ബഷീറിനെ ഇദ്‌ലിബ് ആസ്ഥാനമായ സർക്കാരിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. നൂതന സാങ്കേതിക വിദ്യകളിലൂടെ സർക്കാരിനെ ആധുനികവത്കരിക്കാനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഭവനരഹിതരായവരുടെ പുനരധിവാസം നടപ്പാക്കാനും ബഷീർ നേതൃത്വം കൊടുത്തിരുന്നതായി സിറിയൻ വാർത്താ ഏജൻസിയായ ലെവന്ത്24 റിപ്പോർട്ട് ചെയ്തു.

2011ൽ സിറിയയിൽ ആഭന്തരയുദ്ധം തുടങ്ങിയത് മുതൽ ഇദ്‌ലിബിൽ നിരവധി വിമത ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചിരുന്നു. 2017ലാണ് എച്ച്ടിഎസ് ഇദ്‌ലിബിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News