മാധ്യമപ്രവർത്തക ഷിറീൻ അബു അക്‍ലേയുടെ കൊലപാതകം: ഇസ്രയേലിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് ഫയൽ ചെയ്ത് അൽ ജസീറ
വെസ്റ്റ് ബാങ്കില്‍ ഇസ്രയേൽ റെയ്ഡിനിടെയാണ് ഷിറീൻ അബു അക്‍ലേ വെടിയേറ്റ് മരിക്കുന്നത്
ദുബൈ: ഫലസ്തീൻ-അമേരിക്കൻ മാധ്യമപ്രവർത്തക ഷിറീൻ അബു അക്‍ലേ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേൽ സേനയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അൽ ജസീറ കേസ് ഫയൽ ചെയ്തു. ചൊവ്വാഴ്ച അൽ ജസീറയാണ് ട്വിറ്ററിലുടെ ഈ വിവരമറിയിച്ചത്. അല്‍ ജസീറയുടെ നിയമോപദേശ സമിതി നടത്തിയ അന്വേഷണത്തെ തുടർന്നാണ് കേസെന്നാണ് അൽ ജസീറ ട്വിറ്റ് ചെയ്തത്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേൽ റെയ്ഡിനിടെയാണ് ഷിറീൻ അബു അക്‍ലേ വെടിയേറ്റ് മരിക്കുന്നത്.
അബു അക്‍ലേയുടെ കൊലപാതകത്തിലെ പ്രതികളെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കണ്ടെത്തണമെന്ന് അൽ ജസീറ അഭിഭാഷകൻ റോഡ്‌നി ഡിക്‌സൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിയമപ്രകാരം കേസിന് കാരണക്കാരായവര്‍ക്കെതിരെ അന്വേഷണം നടത്തുകയും ഉത്തരവാദിത്തമേല്‍പ്പിക്കുകയും വേണം, അല്ലാത്തപക്ഷം, അവർ വെടിയുതിർത്തവരുടെ അതേ ചുമതലയാണ് വഹിക്കുന്നത്,"ഡിക്സൺ പറഞ്ഞു.
അതെ സമയം അബു അക്‍ലേയുടെ കൊലപാതകം നടന്ന സാഹചര്യത്തെക്കുറിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്. ഇസ്രയേൽ സൈനികരെ ആരും ചോദ്യം ചെയ്യില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി യെയർ ലാപിഡ് ചൊവ്വാഴ്ച പറഞ്ഞു.'ആരും ഇസ്രയേല്‍ പ്രതിരോധ സേനയെ ചോദ്യം ചെയ്യില്ല, ആരും ഞങ്ങളെ യുദ്ധത്തിന്‍റെ ധാർമികത പഠിപ്പിക്കേണ്ട, അൽ ജസീറ പ്രത്യേകിച്ചും"ലാപിഡ് പറഞ്ഞു.