അഴിമതിക്കേസ്; ആങ് സാങ് സൂചിക്ക് ഏഴ് വർഷംകൂടി തടവ്

ഇതോടെ സൂചിയുടെ ശിക്ഷാ കാലാവധി 33 വർഷമായി ഉയർന്നു

Update: 2022-12-30 12:54 GMT
Advertising

മ്യാൻമർ: സാമൂഹ്യപ്രവർത്തകയും നൊബേൽ ജേതാവുമായ ആങ് സാങ് സൂചിക്ക് വീണ്ടും ജയിൽ ശിക്ഷ. അഴിമതിക്കേസിൽ ഏഴ് വർഷം കൂടി സൂചിയ്ക്ക് കോടതി ശിക്ഷ വിധിച്ചു. ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുമ്പോൾ മാനദണ്ഡം പാലിച്ചില്ലെന്ന കേസിലാണ് ശിക്ഷാ വിധി. ഇതോടെ സൂചിയുടെ ശിക്ഷാ കാലാവധി 33 വർഷമായി ഉയർന്നു.

കഴിഞ്ഞ ആഗസ്തിൽ സൂചിക്ക് ആറുവർഷത്തെ തടവു ശിക്ഷ കൂടി വിധിച്ചിരുന്നു. നാല് അഴിമതിക്കേസുകളിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മ്യാൻമർ പട്ടാള കോടതി ശിക്ഷ വിധിച്ചത്. എന്നാൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം സൂചി നിഷേധിക്കുകയായിരുന്നു.

2021 ഫെബ്രുവരിയിൽ നടന്ന പട്ടാള അട്ടിമറിയ്ക്ക് ശേഷമാണ് മ്യാൻമർ മുൻ വിദേശകാര്യ മന്ത്രികൂടിയായ സൂചി തടവില്‍ കഴിഞ്ഞുവരുന്നത്. തലസ്ഥാനമായ നായ്പിയാദോവിലെ ജയിലിൽ ഏകാന്ത തടവിൽ കഴിഞു വരികയാണ് സൂചി. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് മ്യാൻമറിൽ പട്ടാളം അധികാരത്തിലേറിയത്. പിന്നാലെ ആയിരക്കണക്കിന് ജനകീയ നേതാക്കൾ ജയിലിലടയ്ക്കപ്പെടുകയും കൊടിയ പീഡനത്തിരയാകുകയും ചെയ്തതായാണ് റിപ്പോർട്ട്.

നിരവധി പേർ പേർ കൊല്ലപ്പെടുകയും ചെയ്തു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമെന്നാണ് ഐക്യരാഷ്ട്രസഭ ഇതിനെ വിശേഷിപ്പിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അഞ്ച് വർഷം മ്യാൻമറിനെ നയിച്ചിരുന്നു. മുൻ ബ്രിട്ടീഷ് കോളനിയായ മ്യാന്മറിൽ 1962 മുതൽ 2011 വരെ സൈനിക ഭരണമായിരുന്നു നിലനിന്നിരുന്നത്. 2021 മുതൽ ഇത് വീണ്ടും തുടരുകയാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News