നേപ്പാള്‍ ജനപ്രതിനിധി സഭ വീണ്ടും പിരിച്ചുവിട്ടു; നവംബറില്‍ അടുത്ത തെരഞ്ഞെടുപ്പ്

ആദ്യഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 12നും രണ്ടാം ഘട്ടം നവംബര്‍ 19നും നടത്താനാണ് തീരുമാനം.

Update: 2021-05-22 10:10 GMT
Advertising

നേപ്പാള്‍ ജനപ്രതിനിധി സഭ പിരിച്ചു വിട്ട് പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരി. ആറു മാസത്തിനു ശേഷം നവംബറില്‍ അടുത്ത തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്‍റ് അറിയിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 12നും രണ്ടാം ഘട്ടം നവംബര്‍ 19നും നടത്താനാണ് തീരുമാനം.

അര്‍ധരാത്രിയില്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ നേതൃത്വത്തില്‍ നടന്ന ക്യാബിനറ്റ് യോഗത്തിനു ശേഷമാണ് 275 അംഗ ജനപ്രതിനിധി സഭ പിരിച്ചുവിട്ടത്. കഴിഞ്ഞ ഡിസംബര്‍ 20നും പ്രസിഡന്‍റ് ജനപ്രതിനിധിസഭ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ തീരുമാനം റദ്ദാക്കുകയായിരുന്നു.

കടുത്ത ഭരണ പ്രതിസന്ധി നിലനില്‍ക്കെ കെ.പി ഒലിയുടേയും പ്രതിപക്ഷ നേതാവ് ഷേര്‍ ബഹാദൂര്‍ ദ്യൂബയുടേയും അവകാശവാദങ്ങള്‍ തള്ളിയാണ് പ്രസിഡന്‍റിന്‍റെ നടപടി. ഇരുവിഭാഗവും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സ്ഥിതിയില്‍ അല്ലെന്നാണ് പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ വിലയിരുത്തല്‍.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന ജനപ്രതിനിധികളുടെ കത്ത് ഇരുവിഭാഗവും വെള്ളിയാഴ്ച സമര്‍പ്പിച്ചിരുന്നു. 153 ജനപ്രതിനിധികളുടെ പിന്തുണയാണ് ഒലി അവകാശപ്പെട്ടത്. ഖനാല്‍ നേപ്പാള്‍ വിഭാഗം ഉള്‍പെടെ 176 ജനപ്രതിനിധികളുടെ പിന്തുണയാണ് ഷേര്‍ ബഹാദുര്‍ ദ്യൂബ അവകാശപ്പെട്ടത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News