പ്രവർത്തനം തുടരാം; ടിക് ടോക് വിലക്ക് പിൻവലിച്ച് നേപ്പാൾ

സ്വകാര്യതയും സുരക്ഷയും ചൂണ്ടിക്കാട്ടി നിരവധി രാജ്യങ്ങളിൽ ടിക് ടോകിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്

Update: 2024-08-23 15:50 GMT
Advertising

കാഠ്മണ്ഡ‍ു: ചൈനീസ് സമൂഹമാധ്യമ ആപ്ലിക്കേഷനായ ടിക് ടോകിനേർപ്പെടുത്തിയ വിലക്ക് നീക്കി നേപ്പാൾ. സാമൂ​ഹിക ഐക്യത്തെ തടസ്സപ്പെടുത്തുന്നു എന്ന പേരിൽ മാസങ്ങൾക്ക് മുമ്പാണ് രാജ്യത്ത് ടിക് ടോക് ബാൻ ചെയ്തിരുന്നത്. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കമ്മ്യൂണിക്കേഷൻ ആൻഡ് ഐ.ടി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് ആണ് തീരുമാനം പ്രഖ്യാപിച്ചത്.

എല്ലാ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളേയും തുല്യമായി പരിഗണിക്കണമെന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. മുൻ സഖ്യസർക്കാരിൻ്റെ തകർച്ചയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് ഇദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബെയ്ജിങ് ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് ആണ് ടിക് ടോകിൻ്റെ മാതൃകാ കമ്പനി.

ടിക് ടോക്ക്, നേപ്പാൾ സർക്കാരുമായി കഴിഞ്ഞ ആഴ്ചകളിൽ ആശയവിനിമയം നടത്തിയിരുന്നു. രാജ്യത്തെ എല്ലാ നിയമങ്ങളും പാലിക്കുമെന്നും, ഡിജിറ്റൽ സുരക്ഷ പ്രോത്സാഹിപ്പിക്കുമെന്നുമടക്കമുള്ള നേപ്പാളിന്റെ ആവശ്യങ്ങൾ പാലിക്കുമെന്ന് കമ്പനി ഉറപ്പുനൽകിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് തുടർന്നും പ്രവർത്തനം നടത്താൻ സാധിക്കുന്നതിൽ കമ്പനി സന്തോഷം രേഖപ്പെടുത്തി.

മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിൻ്റെ സർക്കാർ കഴിഞ്ഞ നവംബറിലാണ് ആപ്പ് നിരോധിച്ചത്. രാജ്യത്തിന്റെെ സാഹോദര്യവും അന്തസും തകർക്കുന്നു എന്ന് പറഞ്ഞായിരുന്നു നിരോധനം. ടിക് ടോക്കുമായി ബന്ധപ്പെട്ട 1,600-ലധികം സൈബർ ക്രൈം കേസുകളാണ് നേപ്പാളിൽ ആ സമയത്ത് രജിസ്റ്റർ ചെയ്തിരുന്നത്. നിരോധനസമയത്ത് ടിക് ടോക്കിന് നേപ്പാളിൽ 2.2 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു.

‌പ്രതിമാസം ഒരു ബില്യണിലധികം ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ടിക് ടോക്ക്. എന്നാൽ ജനങ്ങളിൽ അമിതമായ സ്വാധീനം ചെലുത്തുന്നു, ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ ആപ്പിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

2020 ജൂണിലാണ് ഇന്ത്യ ടിക് ടോകിന് നിരോധനം ഏർപ്പെടുത്തിയത്. ചൈനീസ് നിർമിത ആപ്പുകൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബാൻ. ഇന്ത്യ- ചൈന അതിർത്തിയിലെ സൈനിക ഏറ്റുമുട്ടലിനെത്തുടർന്ന് ടിക് ടോക്കിന് പുറമെ ഡസൻ കണക്കിന് ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. നിരോധനത്തിന് മാസങ്ങൾക്ക് മുമ്പ് ചൈനീസ് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങൾക്കും ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കണക്കുകൾ പ്രകാരം 500ലധികം ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ വിലക്കുണ്ട്.

ഈ മാസം ആദ്യം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ്, ടിക് ടോക്കിനെതിരെ കേസ് നൽകിയിരുന്നു. 13 വയസ്സിന് താഴെയുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിന് രക്ഷകർത്താക്കളുടെ സമ്മതം ആവശ്യപ്പെടുന്ന നിയമം ലംഘിച്ചെന്നാരോപിച്ചാണ് കേസ്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News