'ഇന്ത്യക്കാരെ ഞങ്ങളുടെ സൈന്യത്തിൽ വേണ്ട, പ്രശ്‌നം ഉടൻ പരിഹരിക്കും'- റഷ്യ
"ഏറിയാൽ 100ഇന്ത്യക്കാരൊക്കെയേ റഷ്യൻ സൈന്യത്തിലുണ്ടാകൂ, വലിയ യുദ്ധങ്ങളിൽ അതുകൊണ്ടൊരു കാര്യവുമില്ല"
മോസ്‌കോ: ഇന്ത്യക്കാരെ തങ്ങളുടെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യേണ്ട ആവശ്യമുണ്ടായിട്ടില്ലെന്ന് റഷ്യ. റഷ്യൻ സൈന്യത്തിലുള്ള പൗരന്മാരെ ഉടൻ നാട്ടിലെത്തിക്കണമെന്ന ഇന്ത്യയുടെ ആഹ്വാനത്തിന് പിന്നാലെയാണ് റഷ്യയുടെ ഔദ്യോഗിക പ്രതികരണം. വിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്ന് റഷ്യൻ നയതന്ത്രപ്രതിനിധി റോമൻ ബാബുഷ്‌കിൻ പറഞ്ഞു.
റഷ്യൻ സൈന്യത്തിൽ അകപ്പെട്ട ഇന്ത്യക്കാരുടെ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ സന്ദർശനത്തിനിടെ പ്രസിഡന്റ് വ്‌ലാഡ്മിർ പുടിനോട് ശക്തമായി ഉന്നയിച്ചിരുന്നു. തുടർന്ന് അടിയന്തരമായി ഇവരെ തിരിച്ചയയ്ക്കുമെന്ന് റഷ്യ ഉറപ്പ് നൽകുകയും ചെയ്തു. വിഷയം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നാണ് റഷ്യയുടെ നിലപാട്. റഷ്യൻ സൈന്യത്തിൽ ഒരിക്കലും ഇന്ത്യക്കാരുടെ ആവശ്യമുണ്ടായിട്ടില്ലെന്നും അത്തരത്തിൽ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്ന ഒരു പ്രഖ്യാപനവും റഷ്യ നടത്തിയിട്ടില്ലെന്നും ബാബുഷ്‌കിൻ പറയുന്നു.
"വിഷയത്തിൽ ഇന്ത്യയുടെ അതേ നിലപാടാണ് ഞങ്ങൾക്കും. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കപ്പെടണം. ഞങ്ങളുടെ സൈന്യത്തിലേക്കൊരിക്കലും ഇന്ത്യക്കാരുടെ ആവശ്യം വന്നിട്ടില്ല. ഇപ്പോഴുള്ളവരിൽ മിക്കവരും സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ ഉള്ളവരാണ്. അവർ സ്വന്തം നിലയ്ക്ക് പണമുണ്ടാക്കാനാണ് സൈന്യത്തിൽ വന്നത്. നിയമവിരുദ്ധമാണ് അത്തരം ജോലികളിവിടെ. ടൂറിസ്റ്റ് വിസയിൽ വന്ന് പിന്നീട് ജോലിക്ക് കയറും. വിസ മാറ്റുകയുമില്ല അതും അമ്പതോ അറുപതോ നൂറ് പേരൊക്കെയേ ഉള്ളൂ. വലിയ യുദ്ധങ്ങളിലൊന്നും അതൊരു സ്വാധീനവും ഉണ്ടാക്കാൻ പോകുന്നില്ല". ബാബുഷ്‌കിൻ പറഞ്ഞു.
യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, കരാർ പ്രകാരം അവ നടന്നുപോകുമെന്നായിരുന്നു ബാബുഷ്‌കിന്റെ പ്രതികരണം.
യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ ഇതുവരെ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ജൂൺ 11ന് ഇതിൽ രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ വിഷയത്തിൽ വിദേശകാര്യമന്ത്രാലയം അടിയന്തരമായി ഇടപെടുകയായിരുന്നു.