കൊടുംകാട്ടിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു; ബ്രിട്ടനിൽ യുവതി അറസ്റ്റിൽ
15 ഡിഗ്രി മാത്രം താപനിലയിലാണ് കുഞ്ഞ് കാടിനുള്ളിൽ കിടന്നത്
മാഞ്ചസ്റ്റർ സിറ്റി; കൊടുംകാട്ടിൽ നവജാതശിശുവിനെ ഉപേക്ഷിച്ചതിന് ബ്രിട്ടനിൽ യുവതി അറസ്റ്റിലായി. മാഞ്ചെസ്റ്റർ സ്വദേശിനിയായ അലെക്‌സാൻഡ്ര എക്കെർസ്ലി ആണ് അറസ്റ്റിലായത്. മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വനത്തിനുള്ളിലെ ടെന്റിൽ അലെക്‌സാൻഡ്ര ഉപേക്ഷിക്കുകയായിരുന്നു.
ക്രിസ്മസിന് പിറ്റേ ദിവസമായിരുന്നു സംഭവം. താൻ കാട്ടിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയെന്ന് അലക്‌സാൻഡ്രിയ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. എന്നാൽ കാട്ടിനുള്ളിൽ വെച്ച് വഴി തെറ്റിച്ച് പറഞ്ഞ് പൊലീസിനെ കുഴപ്പിച്ച അലക്‌സാൻഡ്രിയ പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞ് കിടക്കുന്നത് സ്ഥലം വെളിപ്പെടുത്തിയത്.
യുവതി മയക്കുമരുന്നിനടിമയാണെന്നാണ് അധികൃതർ നൽകുന്ന വിവരം. എന്നാൽ താൻ രണ്ടുദിവസമായി മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്നും യുവതി പറയുന്നു. 15 ഡിഗ്രി മാത്രം താപനിലയിലാണ് കുഞ്ഞ് കാടിനുള്ളിൽ കിടന്നത്. മാസം തികയാതെ ജനിച്ച കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.