ജയിലിൽ കണ്ടുമുട്ടി, ആദ്യകാഴ്‌ചയിൽ പ്രണയം; ചാൾസ് ശോഭരാജിനായുള്ള കാത്തിരിപ്പ് തുടർന്ന് ഭാര്യ നിഹിത ബിശ്വാസ്
ബിഗ് ബോസ് 5ൽ പങ്കെടുത്തതോടെ നിഹിത വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു
ഒരു ദിവസം മുൻപാണ് 'ബിക്കിനി കില്ലർ' എന്നറിയപ്പെടുന്ന കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതോടെ ചാൾസിന്റെ 19 വർഷത്തെ നേപ്പാൾ ജയിൽവാസത്തിനാണ് വിരാമമാകുന്നത്. എന്നാൽ, സുപ്രിംകോടതി ഉത്തരവ് പുറത്തുവന്നിട്ടും ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാൾ ജയിൽ അധികൃതർ വിസമ്മതിച്ചിരിക്കുകയാണ്.
ചാൾസിന്റെ മോചനവർത്ത പുറത്തുവന്നതിന് പിന്നാലെ ഇയാളുടെ പൂർവചരിത്രവും പൊടിതട്ടിയെടുക്കുകയാണ് സോഷ്യൽ മീഡിയയടക്കം. കുപ്രസിദ്ധമായ ക്രിമിനൽ ജീവിതവും നിരവധി രാജ്യങ്ങളിലെ പോലീസിനെ വർഷങ്ങളോളം വട്ടംകറക്കിയതും മാഗസിനുകളിലും പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇടംപിടിച്ചു. ഒപ്പം ചാൾസ് ശോഭരാജിന്റെ പ്രണയജീവിതവും പ്രധാന തലക്കെട്ടുകളായിരിക്കുകയാണ്.
ഇപ്പോഴിതാ ചാൾസിന്റെ മോചനത്തിനായി കാത്തിരിക്കുന്ന ഭാര്യ നിഹിത ബിശ്വാസാണ് ശ്രദ്ധനേടുന്നത്. വളരെ ചെറിയ പ്രായത്തിലാണ് നിഹിത ചാൾസ് ശോഭരാജ് നിഹിതയെ വിവാഹം കഴിക്കുന്നത്. അന്ന് ചാൾസിന് 64ഉം നിഹിത ബിശ്വാസിന് 21ഉം ആയിരുന്നു പ്രായം.
നേപ്പാൾ ജയിലിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ജയിലിൽ ദ്വിഭാഷിയെ വേണമെന്ന് ശോഭരാജ് ആവശ്യപ്പെട്ടപ്പോഴാണ് താൻ വീണുപോയതെന്ന് നിഹിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചാൾസ് നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ തെറ്റാണെന്നും നിഹിത വാദിച്ചിരുന്നു.
സീരിയൽ കില്ലറും തന്നേക്കാൾ ഇരട്ടി പ്രായമുള്ളയാളുമായ ചാൾസ് ശോഭരാജിനെ വിവാഹം കഴിച്ചതിന് ശേഷമാണ് നിഹിത പ്രശസ്തയായത്. ബിഗ് ബോസ് 5ൽ പങ്കെടുത്തതോടെ നിഹിത വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു.
ആദ്യകാഴ്‌ചയിൽ തന്നെ തങ്ങൾ പ്രണയത്തിലായെന്ന് 2008-ൽ നൽകിയ ഒരു അഭിമുഖത്തിൽ നിഹിതയെ കുറിച്ച് ചാൾസ് ശോഭരാജും വ്യക്തമാക്കിയിരുന്നു. ശോഭരാജ് ജയിലിൽ നിന്ന് പുറത്തുവരുന്നത് കാത്തിരിക്കുകയാണ് നിഹിതയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന കൊലപാതങ്ങളിൽ പ്രതിയായ ശോഭരാജ് 2003ലാണ് നേപ്പാളിൽ അറസ്റ്റിലാവുന്നത്. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 78കാരനായ ചാൾസ് ശോഭരാജിനെ പ്രായാധിക്യവും മോശം ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് കോടതി മോചിപ്പിച്ചത്. ശോഭരാജിനെ തുടർച്ചയായി ജയിലിൽ പാർപ്പിക്കുന്നത് തടവുകാരുടെ മനുഷ്യാവകാശ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് കോടതി വിധി.
ജയിലിൽ പാർപ്പിക്കാൻ തക്കവണ്ണമുള്ള മറ്റ് കേസുകളൊന്നും ഇല്ലെങ്കിൽ, ശോഭരാജിനെ ഇന്ന് തന്നെ മോചിപ്പിക്കാനും 15 ദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാനും ഉത്തരവിടുന്നു എന്ന് കോടതി വിധിയിൽ പറയുന്നു.
എന്നാൽ, സുപ്രിം കോടതിയുടെ ഉത്തരവ് അവ്യക്തമാണെന്നും ഏത് കേസിലാണ് ചാൾസ് ശോഭരാജിനെ മോചനം അനുവദിച്ചതെന്ന് പരാമർശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി നേപ്പാൾ ജയിൽ അധികൃതർ ചാൾസിനെ മോചിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നു.