'ദൈവദോഷം, മതനിന്ദ'; വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ
നേരത്തെ പാകിസ്ഥാൻ ടെലികോം അതോറിറ്റി (പിടിഎ) വിക്കിപീഡിയ സേവനങ്ങളെ 48 മണിക്കൂർ തരംതാഴ്ത്തിയിരുന്നു
ഇസ്ലാമബാദ്: സൗജന്യ ഓൺലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയയുടെ പ്രവർത്തനം തടഞ്ഞ് പാക്കിസ്ഥാൻ. കുറ്റകരവും മതനിന്ദാപരവുമായ കാര്യങ്ങൾ നീക്കം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പാക്കിസ്ഥാൻ വെബ്‌സൈറ്റ് തടഞ്ഞത്.
നേരത്തെ പാകിസ്ഥാൻ ടെലികോം അതോറിറ്റി (പിടിഎ) വിക്കിപീഡിയ സേവനങ്ങളെ 48 മണിക്കൂർ തരംതാഴ്ത്തിയിരുന്നു. പിന്നാലെ വെബ്സൈറ്റിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. വിക്കിപീഡിയയുടെ പ്രവർത്തനം തടഞ്ഞതായി പിടിഎ വക്താവ് സ്ഥിരീകരിക്കുകയും ചെയ്‌തു.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് മതനിന്ദാപരമായ ഉള്ളടക്കം ഉള്ളതിനാൽ വിക്കിപീഡിയയുടെ പ്രവർത്തനം 48 മണിക്കൂർ തടസപ്പെടുത്തുകയും മന്ദഗതിയിലാക്കുകയും ചെയ്തത്. പ്രസ്തുത ഉള്ളടക്കം തടയുന്നതിനും നീക്കം ചെയ്യുന്നതിനും നോട്ടീസ് നൽകി വിക്കിപീഡിയയെ സമീപിച്ചതായി പിടിഎ വക്താവ് അറിയിച്ചു. വാദം കേൾക്കുന്നതിനുള്ള ഒരു അവസരവും നൽകിയിരുന്നു. എങ്കിലും, ഇത് നീക്കം ചെയ്യാൻ വിക്കിപീഡിയ തയ്യാറായില്ല. അതോറിറ്റിക്ക് മുന്നിൽ ഹാജരാകാനും വെബ്സൈറ്റ് അധികൃതർ കൂട്ടാക്കിയില്ല.
പിടിഎയുടെ നിർദ്ദേശങ്ങൾ വിക്കിപീഡിയ മനഃപൂർവം അവഗണിച്ചതിനാലാണ് 48 മണിക്കൂർ നേരത്തേക്ക് വെബ്‌സൈറ്റ് തടഞ്ഞത്. റിപ്പോർട്ട് ചെയ്യപ്പെട്ട നിയമവിരുദ്ധമായ ഉള്ളടക്കം തടയുകയോ നീക്കം ചെയ്യുകയോ ചെയ്താൽ വിക്കിപീഡിയയുടെ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് പുനഃപരിശോധിക്കുമെന്ന് വക്താവ് അറിയിച്ചിട്ടുണ്ട്. നേരത്തെ, സോഷ്യൽ മീഡിയ ഭീമൻമാരായ ഫേസ്ബുക്കും യൂട്യൂബും മതനിന്ദാപരമായ ഉള്ളടക്കത്തിന്റെ പേരിൽ പാകിസ്ഥാനിൽ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.