ഇസ്രായേലിനു വേണ്ടി ആയുധം നിർമിക്കുന്ന ഫാക്ടറി പിടിച്ചെടുത്ത് ബ്രിട്ടനിലെ പ്രക്ഷോഭകർ

ഫാക്ടറിയുടെ പ്രവർത്തനം സ്തംഭിപ്പിക്കാൻ കഴിഞ്ഞുവെന്നും പൂർണമായി അടച്ചുപൂട്ടുംവരെ സമരങ്ങളിൽ നിന്ന് പിന്മാറില്ലെന്നും ഫലസ്തീൻ ആക്ഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Update: 2021-05-19 10:47 GMT
Editor : André
Advertising

ഇസ്രായേലി സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിർമിക്കുന്ന ഫാക്ടറി പിടിച്ചെടുത്ത് ബ്രിട്ടനിലെ 'ഫലസ്തീൻ ആക്ഷൻ' എന്ന സംഘടന. ലെസ്റ്ററിലെ മെറിഡിയൻ ബിസിനസ് പാർക്കിലുള്ള എൽബിത് സിസ്റ്റംസ് എന്ന ഫാക്ടറിയാണ് ഇന്നു പുലർച്ചെ കൈയേറിയത്. യുവാക്കളും യുവതികളുമടങ്ങുന്ന സംഘം ഫാക്ടറി കെട്ടിടത്തിനു മുകളിൽ തങ്ങളുടെ കൊടി നാട്ടി.

ഇസ്രായേലിലെ ഹൈഫ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈനിക ഇലക്ട്രോണിക്‌സ് കമ്പനിയാണ് എൽബിത് സിസ്റ്റംസ്. അമേരിക്കയും ഓസ്‌ട്രേലിയയുമടക്കം നിരവധി രാജ്യങ്ങളിൽ ഇവർക്ക് ഫാക്ടറികളുണ്ട്. ലെസ്റ്ററിലെ ഫാക്ടറിയിൽ ഇസ്രായേൽ സൈന്യത്തിനാവശ്യമായ ഡ്രോണുകളാണ് നിർമിക്കുന്നത്. എൽബിത്തിന്റെ ബ്രിട്ടനിലെ ഫാക്ടറി അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടു പ്രവർത്തിക്കുന്ന സംഘടനയാണ് ഫലസ്തീൻ ആക്ഷൻ.

രാവിലെ 5.30ന് ബിസിനസ് പാർക്കിലെ ഫാക്ടറി കെട്ടിടത്തിലേക്ക് പുലർച്ചെ കടന്നുകയറിയ ഫലസ്തീൻ ആക്ഷൻ പ്രവർത്തകർ കെട്ടിടത്തിനു മുകളിൽ ഫലസ്തീൻ പതാകകളും 'എൽബിത് അടച്ചുപൂട്ടുക' എന്നെഴുതിയ ബാനറുകളും സ്ഥാപിച്ചു. പൊലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. മണിക്കൂറുകൾക്കു ശേഷമാണ് അഗ്നിശമന വിഭാഗത്തിന്റെ സഹായത്തോടെ ഇവരെ ഒഴിപ്പിക്കാൻ പൊലീസിന് കഴിഞ്ഞത്.

ഫാക്ടറിയുടെ പ്രവർത്തനം സ്തംഭിപ്പിക്കാൻ കഴിഞ്ഞുവെന്നും പൂർണമായി അടച്ചുപൂട്ടുംവരെ സമരങ്ങളിൽ നിന്ന് പിന്മാറില്ലെന്നും ഫലസ്തീൻ ആക്ഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

'പലസ്തീനിലെ യുദ്ധക്കുറ്റങ്ങൾക്ക് ആക്കം കൂട്ടുന്ന ക്രൂരമായ യന്ത്രസാമഗ്രികളുടെ ഉത്പാദനം പൂർണമായും നിർത്തിക്കാൻ നമുക്ക് കഴിയുമെന്നാണ് ഇന്നത്തെ പ്രവൃത്തിയിൽ നിന്നു വ്യക്തമായത്. കഴിഞ്ഞയാഴ്ച യു.കെ ഭരണകൂടം ഇസ്രയേലിന് നൽകിയ യുദ്ധോപകരണങ്ങളും സൈനിക സാങ്കേതികവിദ്യയും എത്രമാത്രം നാശങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്നും നാം കണ്ടു. ഇസ്രായേലിന്റെ യുദ്ധയന്ത്രത്തിന് ഈ രാജ്യത്ത് കൂടുതൽ ആയുധങ്ങൾ ലഭിക്കുന്നത് തടയാൻ, ഈ അതിക്രമങ്ങളോട് എതിർപ്പുള്ള എല്ലാവർക്കും കടമയുണ്ട്' - പത്രക്കുറിപ്പിൽ പറയുന്നു.

ഇന്നലെ വൈകുന്നേരം ഓൾഡാം പീസ് ആന്റ് ജസ്റ്റിസ് എന്ന സംഘടന എൽബിത് ഫാക്ടറിക്കു മുന്നിൽ നടത്തിയ പ്രക്ഷോഭത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു.

Tags:    

Editor - André

contributor

Similar News