Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ധർമ്മശാല: ധർമ്മശാല അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഡിഐഎഫ്എഫ്) നിന്ന് രണ്ട് ഫലസ്തീനിയൻ ചിത്രങ്ങൾ നീക്കി അധികൃതർ. 'ഫ്രം ഗ്രൗണ്ട് സീറോ', 'നോ അദർ ലാൻഡ്' എന്ന ചിത്രങ്ങളാണ് ചലച്ചിത്രമേളയിലെ ലൈനപ്പിൽ നിന്ന് നീക്കം ചെയ്തത്. ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് ചലച്ചിത്രമേളയുടെ ഔദ്യോഗിക അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് നടപടി.
നവംബർ 7 മുതൽ 10 വരെ ഹിമാചൽപ്രദേശിലെ ധർമ്മശാലയിലെ മക്ലിയോഡ് ഗഞ്ചിലാണ് പതിമൂന്നാമത് ചലച്ചിത്രമേള നടക്കുന്നത്.
22 ഫലസ്തീനിയൻ ചലച്ചിത്ര നിർമ്മാതാക്കൾ സംവിധാനം ചെയ്ത ചിത്രമാണ് 'ഫ്രം ഗ്രൗണ്ട് സീറോ'. ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ അധിനിവേശങ്ങൾക്കിടയിലുള്ള ഫലസ്തീനികളുടെ ജീവിതത്തെയും പ്രതിരോധത്തെയും വ്യക്തമായി ചിത്രീകരിക്കുന്ന ചിത്രമാണിത്. ഡോക്യുമെന്ററി, ഫിക്ഷൻ, അനിമേഷൻ, പരീക്ഷണം എന്നീ വിഭാഗങ്ങളിലുള്ള 22 ഹ്രസ്വചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആന്തോളജിയാണ് 'ഫ്രം ഗ്രൗണ്ട് സീറോ'.
ഫലസ്തീൻ ആക്ടിവിസ്റ്റ് ബേസൽ അദ്ര, ഇസ്രായേൽ മാധ്യമപ്രവർത്തകൻ യുവാൽ എബ്രഹാം, റേച്ചൽ സോർ, ഹംദാൻ ബല്ലാൽ തുടങ്ങിയവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് 'നോ അദർ ലാൻഡ്'. വെസ്റ്റ്ബാങ്കിലെ പലസ്തീൻ ഗ്രാമങ്ങളുടെ കൂട്ടമായ മസാഫർ യാട്ടയിലെ ഇസ്രായേൽ ആക്രമണങ്ങളുടെ ആഘാതമണ് ചിത്രത്തിൽ പരാമർശിക്കുന്നത്. സംഭവത്തെ തുടർന്ന് ഫലസ്തീനിയൻ ചലച്ചിത്ര നിർമ്മാതാക്കൾ നേരിടുന്ന വെല്ലുവിളികൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.