ചൈനയിലെ വിമാനാപകടം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് പ്രസിഡന്റ്
ആവശ്യപ്പെട്ടാൽ ചൈനയുടെ അന്വേഷണത്തെ സഹായിക്കാൻ തയ്യാറാണെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ
ചൈനയിലെ വിമാാനാപകടത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് പ്രസിഡന്റ് ഷി ജിൻപിങ്. അപകട സ്ഥലത്തേക്ക് രക്ഷാസംഘത്തെ അയച്ചതായി ചൈനീസ് സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ചൈനീസ് സർക്കാർ പുറത്തുവിട്ടിട്ടില്ല. 132 യാത്രക്കാരുമായി പോയ ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് ഇന്നലെ തകർന്നു വീണത്.
കുൻമിങ്ങിൽനിന്ന് ഗ്വാങ്ഷൂവിലേക്കുള്ള യാത്രാമധ്യേ വുഷു നഗരത്തിന്റെ സമീപത്തുള്ള മലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ എല്ലാവരും മരിച്ചിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതായും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് അറിയിച്ചു. ആവശ്യപ്പെട്ടാൽ ചൈനയുടെ അന്വേഷണത്തെ സഹായിക്കാൻ തയ്യാറാണെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി. സംഭവത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റണിയോ ഗുട്ടറസ് അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം അറിയിച്ചു.