'ദൈവത്തെ കുറിച്ചും തമാശയാകാം; പ്രകോപനമാകാതിരുന്നാല്‍ മതി'; ഹാസ്യതാരങ്ങളുമായി കൂടിക്കാഴ്ച നടത്തി മാര്‍പാപ്പ
ഒരൊറ്റ കാഴ്ചക്കാരന്റെ ചുണ്ടില്‍ ചിരി പടര്‍ത്താന്‍ നിങ്ങള്‍ക്കായാലും ദൈവത്തെ കൂടിയാണു നിങ്ങള്‍ ചിരിപ്പിക്കുന്നതെന്നും മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ആഗോളതലത്തില്‍ പ്രശസ്തരായ 100ലേറെ കൊമേഡിയന്മാര്‍ക്കായി സൗഹൃദ സംഗമമൊരുക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ജിമ്മി ഫാലന്‍, ക്രിസ് റോക്ക്, വൂപ്പി ഗോള്‍ബെര്‍ഗ്, സില്‍വിയോ ഒര്‍ലാന്‍ഡോ, സ്റ്റീഫന്‍ മെര്‍ച്ചന്റ് ഉള്‍പ്പെടെയുള്ള താരങ്ങളാണ് വത്തിക്കാനിലെത്തി മാര്‍പാപ്പയെ കണ്ടത്. പ്രകോപനപരമല്ലെങ്കില്‍ ദൈവത്തെ കുറിച്ച് തമാശ പറയുന്നതിലും ഒരു പ്രശ്‌നമില്ലെന്ന് കത്തോലിക്കാ സഭാ തലവന്‍ പറഞ്ഞു. ലോകത്ത് ചിരിയും സമാധാനവും പടര്‍ത്താന്‍ ശേഷിയുള്ളവരാണ് കൊമേഡിയന്മാരെന്നും അദ്ദേഹം പറഞ്ഞു.
ഇറ്റലിയിലെ ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളെ കാണാന്‍ പുറപ്പെടുന്നതിനു തൊട്ടുമുന്‍പായായിരുന്നു മാര്‍പാപ്പ ഹാസ്യതാരങ്ങള്‍ക്കൊപ്പം ഇരുന്നത്. 15 രാജ്യങ്ങളില്‍നിന്നുള്ള 107 താരങ്ങള്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ സംബന്ധിച്ചു. 200ലേറെ പേര്‍ അപൂര്‍വ സംഗമത്തിനു സാക്ഷിയാകാനുമെത്തിയിരുന്നു.
ഒരുപാട് ദുരന്ത വാര്‍ത്തകള്‍ക്കിടയിലാണുള്ളത്. വ്യക്തിപരമായും സാമൂഹികമായും ദുരിതങ്ങളിലാണ്ടു കിടക്കുകയാണു മനുഷ്യര്‍. ഇതിനിടയില്‍ ലോകത്ത് പുഞ്ചിരിയും പ്രശാന്തതയും പടര്‍ത്താന്‍ ഹാസ്യതാരങ്ങള്‍ക്കാകുമെന്ന് മാര്‍പാപ്പ പറഞ്ഞു. ചിരി പടര്‍ന്നുപിടിക്കുന്ന സംഗതിയായതുകൊണ്ടു തന്നെ ലോകത്തെ ഒന്നിപ്പിക്കാന്‍ താരങ്ങള്‍ക്കാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
''ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ക്കിടയില്‍പെട്ടു കഴിയുമ്പോഴും ആളുകളെ ചിരിപ്പിക്കാന്‍ ഹാസ്യതാരങ്ങള്‍ക്കാകും. അധികാര ദുര്‍വിനിയോഗത്തെ അപലപിക്കുന്നു നിങ്ങള്‍. മറന്നുപോയ സംഗതികള്‍ക്ക് ശബ്ദം നല്‍കുന്നു. പീഡനങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നു. ശരിയല്ലാത്ത കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നു. സാമൂഹികമായ അതിരുകളെല്ലാം മറികടന്ന് ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഹാസ്യത്തിനാകും.''
ദൈവത്തെ കുറിച്ചു തമാശ പറയാമോ? ഉറപ്പായും പറ്റും. അത് ദൈവനിന്ദയൊന്നുമല്ല. ഇഷ്ടമുള്ള ആളുകളെ നമ്മള്‍ കളിയാക്കാറില്ലേ.. അതുപോലെ ദൈവത്തെ കുറിച്ചും നമുക്ക് തമാശയൊക്കെ ആകാം. എന്നാല്‍, വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരുന്നാല്‍ മതി. സ്വന്തം അബദ്ധങ്ങളെ കുറിച്ചുള്ള തമാശകള്‍ മനുഷ്യരെ പ്രകോപിപ്പിക്കുകയോ അപമാനിക്കുകയോ തളര്‍ത്തുകയോ ഒന്നും ചെയ്യില്ല. അതു മതനിന്ദയല്ലെന്നാണ് ഞാന്‍ പറയുന്നത്. ഒരൊറ്റ പ്രേക്ഷകന്റെ ചുണ്ടില്‍ ചിരി പടര്‍ത്താന്‍ നിങ്ങള്‍ക്കായാലും ദൈവത്തെ കൂടിയാണു നിങ്ങള്‍ ചിരിപ്പിക്കുന്നതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
സംസാരത്തിനുശേഷം ഓരോ താരങ്ങളെയും പ്രത്യേകം കണ്ട് അഭിവാദ്യം ചെയ്തു മാര്‍പാപ്പ. തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചു. ചില അതിഥികള്‍ ഇറ്റാലിയന്‍ മദ്യം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളുമായാണ് എത്തിയിരുന്നത്. അതും അദ്ദേഹം സ്വകരിച്ചു. പ്രശസ്ത ഇറ്റാലിയന്‍ ഹാസ്യ ജോഡിയായ പിയോയ്ക്കും അമെഡിയോയ്ക്കുമൊപ്പം സെല്‍ഫിക്കും പോസ് ചെയ്തു മാര്‍പാപ്പ.
Summary: 'It's OK to joke about God but don't offend': Pope Francis in meet up with more than 100 comedians from around the globe