സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപാപ്പ
പുരോഹിതൻമാർ ഓരോ കേസുകളും പ്രത്യേകം പരിശോധിച്ചാണ് തീരുമാനമെടുക്കേണ്ടതെന്ന് വത്തിക്കാൻ വിശദീകരണക്കുറിപ്പിൽ പറഞ്ഞു.
വത്തിക്കാൻ: സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാൻ വൈദികർക്ക് അനുമതി നൽകി ഫ്രാൻസിസ് മാർപാപ്പ. പ്രത്യേക സാഹചര്യങ്ങളിൽ സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാൻ വൈദികർക്ക് അനുമതി നൽകിയതായി റോമൻ കാത്തലിക് ചർച്ച് പ്രതിനിധിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിന് വിവാഹവുമായി ബന്ധമില്ലെന്നും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തെയാണ് വിവാഹത്തെ കാണുന്നതെന്നും വത്തിക്കാൻ വ്യക്തമാക്കി.
BREAKING: Pope Francis formally approves allowing priests to bless same-sex couples
— The Spectator Index (@spectatorindex) December 18, 2023
'ദൈവം എല്ലാവരെയും സ്വാഗതം ചെയ്യുന്നു' എന്നതിന്റെ വെളിച്ചത്തിലാണ് മാറ്റം പ്രഖ്യാപിച്ചുകൊണ്ടുള്ള രേഖക്ക് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയത്. എന്നാൽ പുരോഹിതൻമാർ ഓരോ കേസുകളും പ്രത്യേകം പരിശോധിച്ചാണ് തീരുമാനമെടുക്കേണ്ടതെന്ന് വത്തിക്കാൻ വിശദീകരണക്കുറിപ്പിൽ പറഞ്ഞു.
വിവാഹത്തെക്കുറിച്ചുള്ള പാരമ്പര്യ കാഴ്ചപ്പാടിൽ സഭ ഒരു മാറ്റവും വരുത്തിയിട്ടില്ല. സ്വവർഗ വിവാഹത്തെ അംഗീകരിക്കില്ല. എന്നാൽ മാർപാപ്പയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പാപമായി കരുതുന്ന ബന്ധങ്ങൾ പുലർത്തുന്നവരെയും അനുഗ്രഹിക്കാൻ പുരോഹിതൻമാരെ അനുവദിക്കുന്നത്. അനുഗ്രഹം സ്വീകരിക്കുന്ന ആളുകൾ ധാർമികമായി സമ്പൂർണതയുള്ളവരാവണമെന്നില്ലെന്നും വത്തിക്കാൻ വിശദീകരണത്തിൽ വ്യക്തമാക്കി.