യാത്രക്കിടെ പ്രസവവേദന അഭിനയിച്ച് വിമാനം അടിയന്തരമായി ഇറക്കി; 28 യാത്രക്കാർ ഓടി രക്ഷപ്പെട്ടു

ഗർഭിണിയടക്കം 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2022-12-08 08:18 GMT
Editor : Lissy P | By : Web Desk
Advertising

ബാഴ്സലോണ: ഗർഭിണിയായ സ്ത്രീക്ക് പ്രസവവേദനയെന്ന വ്യാജേന അടിയന്തരമായി ഇറക്കിയ വിമാനത്തിൽ നിന്ന് 28 യാത്രക്കാർ ഓടി രക്ഷപ്പെട്ടു. സ്‌പെയിനിലെ ബാഴ്സലോണ വിമാനത്താവളത്തിലാണ് സംഭവം. വിമാനം നിലത്തിറക്കിയ ഉടനാണ് യാത്രക്കാർ ഓടി രക്ഷപ്പെട്ടത്. ഇതിൽ ഗർഭിണിയടക്കം 14 പേരെ  സ്പാനിഷ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  അനധികൃതമായി രാജ്യത്തേക്ക് കടന്ന ബാക്കി യാത്രക്കാർക്കായി തെരച്ചിൽ നടത്തുകയാണെന്ന് അധികൃതർ പറഞ്ഞു.

പ്രാദേശിക സമയം പുലർച്ചെ 4.30 ന് മൊറോക്കയില്‍  നിന്ന് ഇസ്താംബൂളിലേക്കുള്ള പെഗാസസ് എയർലൈൻസ് വിമാനത്തിലാണ് ഗർഭിണിയായ സ്ത്രീക്ക് പ്രസവ വേദന ആരംഭിച്ചെന്ന് അറിയിച്ചത്. ബാഴ്സലോണയിൽ അടിയന്തരമായി വിമാനം ലാൻഡിംഗ് നടത്തണമെന്നും യാത്രക്കാരി അഭ്യർത്ഥിച്ചു. വിമാനം ലാൻഡ് ചെയ്തപ്പോൾ ഗർഭിണിയെ ഇറക്കാൻ ആംബുലൻസും മൂന്ന് പൊലീസ് പട്രോളിംഗും സ്ഥലത്തെത്തി. ഇതിനിടയിലാണ് 28 പേരടങ്ങുന്ന സംഘം രക്ഷപ്പെട്ടത്. കസ്റ്റഡിയിലെടുത്തവരില്‍ അഞ്ച് പേരെ ഇസ്താംബൂളിലേക്ക്  തിരിച്ചയച്ചിട്ടുണ്ട്.

'സ്ത്രീയെ പരിശോധനയ്ക്കായി സാന്റ് ജോൻ ഡി ഡ്യൂ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവർക്ക് പ്രസവവേദനയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. ഡിസ്ചാർജ് ചെയ്തശേഷമാണ് യാത്ര തടസപ്പെടുത്തിയതിനും  പൊതു ജനജീവിതം താറുമാറാക്കിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്‌തെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ആളുകൾ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് സ്‌പെയിൻ വ്യക്തമാക്കിയിട്ടില്ല.

ഒരുവർഷത്തിനിടെ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മുമ്പും ആരോഗ്യസ്ഥിതി മോശമാണെന്ന് പറഞ്ഞ് ഒരു യാത്രക്കാരൻ വിമാനം സ്‌പെയിനിൽ അടിയന്തരമായി ഇറക്കുകയും ആറ് പേരടങ്ങുന്ന സംഘം വിമാനത്തിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News