എലിസബത്ത് രാജ്ഞിക്ക് രാജകീയ അന്ത്യയാത്രയൊരുക്കി ലണ്ടൻ; സംസ്‌കാര ചടങ്ങിൽ പത്ത് ലക്ഷത്തോളം പേർ പങ്കെടുക്കും
ബ്രിട്ടണിൽ ഇന്ന് പൊതു അവധി
ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് രാജകീയ അന്ത്യയാത്രയൊരുക്കി ലണ്ടൻ. രാജ്ഞിയുടെ മൃതദേഹം ഇന്ന് വെസ്റ്റ്മിൻസ്റ്റർ ആബെയിൽ സംസ്‌കരിക്കും. സംസ്‌കാര ചടങ്ങുകൾക്കായി ലോക നേതാക്കളും ലണ്ടനിലെത്തിയിട്ടുണ്ട്.
രാവിലെ പതിനൊന്ന് മണിക്കാണ് വെസ്റ്റ്മിൻസ്റ്റർ അബെയിൽ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇരുനൂറോളം രാജ്യങ്ങളിൽ നിന്നായി 2000ത്തിലേറെ നേതാക്കളാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയത്.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ലണ്ടനിലെത്തി. രാഷ്ട്രീയ കാരണങ്ങളാൽ റഷ്യ, ബെലറൂസ് അഫ്ഗാനിസ്താൻ, മ്യാൻമർ തുടങ്ങിയ രാഷ്ട്രങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടില്ല. ബ്രിട്ടനിൽ 57 വർഷത്തിന് ശേഷം നടക്കുന്ന ആദ്യ ദേശീയ സംസ്‌കാരചടങ്ങണിത്.
രാത്രി എട്ട് മണിക്ക് രാജ്ഞിക്കുള്ള ആദരസൂചകമായി രാജ്യത്ത് ഒരു മിനിറ്റ് നിശബ്ദത ആചരിക്കും. ഇതിന്റെ ഭാഗമായി വിമാന സർവീസുകളും നിർത്തിയിട്ടുണ്ട്. തിങ്കളാഴ്ച ബ്രിട്ടനിൽ പൊതു അവധി പ്രഖ്യാപിച്ചു.