കാമില രാജ്ഞി സഞ്ചരിച്ച വിമാനത്തിൽ പക്ഷിയിടിച്ചു: സംഭവം ബെംഗളൂരു സന്ദർശിച്ച് മടങ്ങവേ
ബെംഗളൂരുവിൽ നിന്ന് ഹീത്രുവിലേക്ക് മടങ്ങിയ ബോയിങ് 777-ER എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്
ലണ്ടൻ: ബെംഗളൂരു സന്ദർശിച്ച് മടങ്ങവേ ബ്രിട്ടീഷ് രാജ്ഞി കാമിലയുടെ വിമാനത്തിൽ പക്ഷിയിടിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് എയർവെയ്‌സിന്റെ വിമാനത്തിലാണ് പക്ഷിയിടിച്ചത്. ബെംഗളൂരുവിലെ വെൽനസ് സെന്റർ സന്ദർശിച്ച് മടങ്ങവേയായിരുന്നു സംഭവമെന്ന് പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്തു.
ബെംഗളൂരുവിൽ നിന്ന് ഹീത്രുവിലേക്ക് മടങ്ങിയ ബോയിങ് 777-ER എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. എന്നാൽ ബക്കിംഗ്ഹാം പാലസിൽ നിന്ന് സംഭവത്തിൽ പ്രതികരണമുണ്ടായിട്ടില്ല.
ഒക്ടോബർ 20നാണ് സുഹൃത്തുക്കൾക്കൊപ്പം കാമില ബെംഗളൂരുവിലെത്തിയത്. കാമില സ്ഥിരമായി സന്ദർശിക്കുന്ന വെൽനസ് സെന്ററാണ് ബെംഗളൂരുവിലെ സൗഖ്യ. മൂന്ന് വർഷമായി കാമില സ്ഥിരമായി ബെംഗളൂരുവിലെത്താറുണ്ട്. മെഡിറ്റേഷൻ,ഹോമിയോപ്പതി,യോഗ എന്നിവയെല്ലാം സൗഖ്യയിലുണ്ട്. തന്റെ 71ാം പിറന്നാളിനാണ് കാമില ആദ്യമായി സൗഖ്യയിലെത്തുന്നത്.