ഇസ്രായേലിന്റെ ​ഗസ്സ ആക്രമണം; ഇം​ഗ്ലണ്ടിലും വെയ്ൽസിലും മതവിദ്വേഷ കുറ്റകൃത്യങ്ങളിൽ വൻ വർധന

ഓരോ അഞ്ചിൽ രണ്ട് മതവിദ്വേഷ കുറ്റകൃത്യങ്ങളും മുസ്‌ലിംകൾക്കു നേരെയാണ്.

Update: 2024-10-11 11:11 GMT
Advertising

ലണ്ടൻ: ​ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി ആരംഭിച്ച ശേഷം ഇം​ഗ്ലണ്ടിലും വെയ്ൽസിലും മതവിദ്വേഷ കുറ്റകൃത്യങ്ങളിൽ വൻ വർധന. ​വ്യാഴാഴ്ച പുറത്തുവന്ന ഏറ്റവും പുതിയ ഹോം ഓഫീസ് കണക്കുകൾ പ്രകാരം, ​ഗസ്സയിലെ വംശഹത്യ ആരംഭിച്ച 2023 ഒക്ടോബർ ഏഴിനു ശേഷം ഇവിദ്വേഷ കുറ്റകൃത്യങ്ങളിൽ 25 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം കുറ്റകൃത്യങ്ങളുടെ എക്കാലത്തേയും ഉയർന്ന നിലയാണിത്. 2024 മാർച്ച് വരെ മതവിദ്വേഷ കുറ്റകൃത്യങ്ങൾ 8,370ൽ നിന്ന് 10,484 ആയി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് 2012ൽ വിവര ശേഖരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ്. ഇസ്രായേൽ- ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളിലെ വർധനയാണ് കണക്കിലെ കുതിപ്പിനു പിന്നിൽ.

മുസ്‌ലിംകൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 13 ശതമാനത്തിന്റെ വർധനയാണ് ഉള്ളത്. മുൻ വർഷത്തെ 3,432ൽ നിന്ന് 3,866 ആയാണ് വർധന. കഴിഞ്ഞ വർഷം ഓരോ അഞ്ചിൽ രണ്ട് മതവിദ്വേഷ കുറ്റകൃത്യങ്ങളും മുസ്‌ലിംകൾക്കു നേരെയാണ്. ജൂതർക്കുനേരെയുള്ള മുൻ വർഷത്തെ 1,543 കേസുകളിൽ നിന്ന് ഇരട്ടിയിലധികം വർധിച്ച് 3,282 ആയി. 

യുദ്ധത്തിന് മുമ്പുള്ളതിനേക്കാൾ വൻ കുതിപ്പാണ് വിദ്വേഷ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മതപരമായ വിദ്വേഷ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്. ​ഇതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42,065 ആയി വർധിച്ചു. ഇവരിൽ 16765 പേരും കുട്ടികളാണ്. 97,886 പേർ‌ക്കാണ് പരിക്കേറ്റത്. കാണാതായവരുടെ എണ്ണം 10,000ലേറെ വരും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News