ഹൂതികൾക്ക് സൂപ്പർസോണിക് മിസൈലുകൾ നൽകാൻ റഷ്യ; ആയുധ ഇടപാടിൽ ഇടനിലക്കാരായി ഇറാൻ

പി-800 ഓനിക്‌സ് എന്നും വിളിപ്പേരുള്ള സോവിയറ്റ് നിർമിത സൂപ്പർസോണിക് മിസൈലുകളായ യാക്കോന്റ് ആണ് ഹൂതികൾ സ്വന്തമാക്കാനൊരുങ്ങുന്നത്

Update: 2024-09-25 17:07 GMT
Editor : Shaheer | By : Web Desk
Advertising

തെഹ്‌റാൻ/മോസ്‌കോ: യമനിലെ വിമത സായുധസംഘമായ ഹൂതികൾക്ക് അത്യാധുനിക മിസൈലുകൾ നൽകാൻ റഷ്യ. കപ്പൽവേധ മിസൈലുകളാണ് ഹൂതികൾക്കു നൽകുന്നത്. ഇറാന്‍ ഇടനിലക്കാരായാണ് ആയുധ ഇടപാടുമായി ബന്ധപ്പെട്ട് റഷ്യയുമായി രഹസ്യ ചർച്ച നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാൻ മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പി-800 ഓനിക്‌സ് എന്നും വിളിപ്പേരുള്ള സോവിയറ്റ് നിർമിത സൂപ്പർസോണിക് മിസൈലുകളായ യാക്കോന്റ് ആണ് ഹൂതികൾ സ്വന്തമാക്കാനൊരുങ്ങുന്നത്. മാരക പ്രഹരശേഷിയുള്ള ഭൂതല മിസൈലാണിത്. ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്കു കൂടുതൽ കരുത്തു പകരുന്നതാകും പുതിയ ആയുധ ഇടപാട്. ഗസ്സ ആക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രായേൽ കപ്പലുകളെയും ഇസ്രായേലിലേക്കുള്ള ചരക്കുകപ്പലുകളെയും ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം ആരംഭിച്ചത്.

ഹൂതികൾക്കുള്ള മിസൈൽ ഇടപാടുമായി ബന്ധപ്പെട്ട് റഷ്യ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ, കഴിഞ്ഞ ജൂലൈയിൽ തന്നെ ഹൂതികൾക്ക് മിസൈൽ നൽകാൻ റഷ്യ ആലോചിച്ചിരുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് ആുധങ്ങൾ നൽകാനും നീക്കമുണ്ടായിരുന്നു. എന്നാൽ, പടിഞ്ഞാറൻ രാജ്യങ്ങളുടെ ഇടപെടലിനെ തുടർന്നു നീക്കം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ഇറാനാണ് ആയുധ ഇടപാടുമായി ബന്ധപ്പെട്ട ചർച്ചയ്ക്കു മേൽനോട്ടം വഹിക്കുന്നതെന്ന വിവരം ഇതാദ്യമായാണു പുറത്തുവരുന്നത്.

ഈ വർഷം രണ്ടു തവണ ഹൂതികളും റഷ്യൻ പ്രതിനിധികളും ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നതായാണു വിവരം. മിസൈൽ കൈമാറ്റം തന്നെയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചയെന്ന് 'ഇറാൻ ഇന്റർനാഷനൽ' റിപ്പോർട്ട് ചെയ്യുന്നു. 300 കി.മീറ്റർ ദൂരം വരെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകളാണ് ഹൂതികൾക്ക് കൈമാറാൻ ആലോചന നടക്കുന്നത്. വരും ദിവസങ്ങളിലും ഈ ചർച്ച തുടരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


ഇസ്രായേലിന്റെ ലബനാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ഇടപാടിനു കൂടുതൽ പ്രാധാന്യമേറുകയാണ്. റഷ്യ ഹൂതികൾക്ക് യാക്കോന്റ് മിസൈലുകൾ നൽകിയാൽ അത് മേഖലയിലെ സുരക്ഷയെ ഒന്നാകെ ബാധിക്കുമെന്നാണ് അന്താരാഷ്ട്ര ബാലിസ്റ്റിക് മിസൈൽ വിദഗ്ധനായ ഫാബിയൻ ഹിൻസ് 'ഹാരെറ്റ്‌സി'നോട് പറഞ്ഞത്. ഹൂതികൾ ഇതുവരെ ഉപയോഗിച്ച മിസൈലുകളെക്കാൾ പ്രഹരശേഷിയുള്ളതാണ് പി-800. എന്നാൽ, പശ്ചിമേഷ്യയിലെ യുഎസ് നിരീക്ഷണം കടന്ന് എങ്ങനെ മിസൈലുകൾ ഹൂതികൾക്ക് കൈമാറാനാകുമെന്നാണ് ഹിൻസ് സംശയമുയർത്തുന്നത്. ഇതിനു പുറമെ മിസൈലുകൾ ഉപയോഗിക്കാനുള്ള പരിശീലനവും സംഘത്തിനു നൽകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഹൂതി ഭീഷണിയിൽ കഴിഞ്ഞ നവംബർ മുതൽ ചെങ്കടൽ വഴിയുള്ള ചരക്കുഗതാഗതം സ്തംഭിച്ചതോടെ അന്താരാഷ്ട്ര വ്യാപാരരംഗത്ത് ശതകോടികളുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ചെങ്കടൽ പാത ഒഴിവാക്കി എത്രയോ ദൂരം ചുറ്റിത്തിരിഞ്ഞാണ് ഇപ്പോൾ കപ്പലുകൾ ഇസ്രായേലിലെത്തുന്നത്. ഇതോടെ ഉപരോധം മറ്റു സമുദ്രപാതകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഹൂതികൾ. ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ചരക്കുഗതാഗതത്തിനെതിരെയും ഹൂതികൾ ഭീഷണി മുഴക്കിയിട്ടുണ്ട്. അദാനി, അമ്പാനി കമ്പനികളെ ഉൾപ്പെടെ ഇതു വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

ഈ മാസം ആദ്യത്തിൽ മധ്യ ഇസ്രായേൽ ലക്ഷ്യമിട്ടും ഹൂതി മിസൈൽ ആക്രമണം നടന്നിരുന്നു. ലൂദിലെ ബെൻ ഗുരിയോൻ അന്താരാഷ്ട്ര വിമാനത്താവളത്തിനു തൊട്ടടുത്താണ് മിസൈൽ പതിച്ചത്. ഹൈപ്പർസോണിക് മിസൈലാണ് ഇതെന്നാണ് ഹൂതികൾ പറയുന്നത്. അതിർത്തി കടന്നുമുള്ള ഹൂതി ആക്രമണം ഇസ്രായേലിനെ ഞെട്ടിച്ചിരുന്നു.

ചെങ്കടലിലെ ഹൂതി ഭീഷണിയെ ചെറുക്കാൻ യുഎസിന്റെ നേതൃത്വത്തിൽ 20 രാഷ്ട്രങ്ങൾ ചേർന്ന് നാവികസഖ്യം രൂപീകരിച്ചിരുന്നെങ്കിലും നീക്കം പരാജയപ്പെടുകയായിരുന്നു. ചെങ്കടൽ മേഖലയിലുള്ള യൂറോപ്യൻ-യുഎസ് യുദ്ധക്കപ്പലുകളും ഹൂതി ആക്രമണ ഭീഷണി നേരിടുന്നുണ്ട്.

Summary: Iran brokering secret talks to supply Houthis with advanced Russian missiles, Yakhont– also known as P-800 Oniks

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News