ദീപാവലി ആശംസക്കൊപ്പം കേരള സ്റ്റൈല്‍ ചെമ്മീന്‍ കറിയും തേങ്ങ അരച്ച ചിക്കന്‍ കറിയും; മാസാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
'ഒരു സ്പെഷ്യൽ ഡിന്നർ നൈറ്റ്' ആണിതെന്ന് കുറിച്ചുകൊണ്ടാണ് മോറിസൺ തന്‍റെ പാചകത്തിന്‍റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്
ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്നതിനോടൊപ്പം മറ്റൊരു സര്‍പ്രൈസ് കൂടി പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഇന്ത്യാക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു. കേരള സ്റ്റൈലിലുള്ള ചെമ്മീന്‍ കറിയും തേങ്ങ അരച്ച ചിക്കന്‍ കറിയും സ്വയം പാചകം ചെയ്താണ് മലയാളികളെ അതിശയിപ്പിച്ചത്.
ചെമ്മീന്‍കറിക്കും ചിക്കന്‍ കറിക്കുമൊപ്പം പൊട്ടറ്റോ സാഗുമുണ്ടായിരുന്നു. ദീപാവലിക്ക് സ്കോട്ടിന്‍റെ വീട്ടിലെത്തിയ അതിഥികള്‍ക്കാണ് ഇന്ത്യന്‍ രുചികള്‍ ആസ്വദിക്കാന്‍ അവസരമുണ്ടായത്. 'ഒരു സ്പെഷ്യൽ ഡിന്നർ നൈറ്റ്' ആണിതെന്ന് കുറിച്ചുകൊണ്ടാണ് മോറിസൺ തന്‍റെ പാചകത്തിന്‍റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒപ്പം എല്ലവർക്കും അദ്ദേഹം ദീപാവലി ആശംസകളും നേർന്നു.
കേരള വിഭവം സ്വയം പാചകം ചെയ്തതിന്‍റെ ചിത്രം മോറിസൺ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തതോടെ നിരവധി മലയാളികളാണ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്. അടുത്ത ഇന്ത്യാ സന്ദർശനത്തിൽ കേരളം സന്ദർശിക്കണമെന്നും, കേരളത്തിന്‍റെ മറ്റ് വിഭവങ്ങളും പരീക്ഷിക്കണമെന്നുമൊക്കെയാണ് മലയാളികൾ പ്രതികരിച്ചത്. പാചകത്തോട് താത്പര്യം പുലർത്തുന്ന മോറിസൺ, വിവിധ ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിഭവങ്ങൾ സ്വയം പാചകം ചെയ്ത്, കുടുംബത്തിന് വിളമ്പുന്നതിന്‍റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പതിവായി ഷെയര്‍ ചെയ്യാറുണ്ട്. എന്നാൽ, ഇതാദ്യമായാണ് ഒരു കേരളീയ വിഭവം സ്വയം പാചകം ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ പ്രധാനമന്ത്രി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്.