ഇന്ത്യയ്ക്ക് നല്ല നിര്‍മിതികള്‍ സമ്മാനിച്ചത് ബ്രിട്ടനെന്ന് യു.എസ് അവതാരകന്‍; പൊട്ടിത്തെറിച്ച് തരൂര്‍

ബ്രിട്ടീഷുകാരെ പോലെ അനുകമ്പയുള്ള മറ്റൊരു സാമ്രാജ്യം നമുക്കൊരിക്കലും കാണാനുമാവില്ല എന്നും അവതാരകൻ അവകാശപ്പെടുന്നു.

Update: 2022-09-13 11:48 GMT

ഇന്ത്യയില്‍ മനോഹരമായ കെട്ടിടങ്ങള്‍ നിർമിച്ചിട്ടുള്ളത് ബ്രിട്ടീഷുകാര്‍ മാത്രമാണുള്ളതെന്നും സ്വാതന്ത്ര്യത്തിനു ശേഷം അത്തരം ഒന്നും ഇവിടെ ഉണ്ടായില്ലെന്നുമുള്ള അമേരിക്കന്‍ ടി.വി അവതാരകന്റെ പരിഹാസത്തോട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. എലിസബത്ത് രാജ്ഞിയുടെ മരണത്തോടനുബന്ധിച്ചുള്ള പരിപാടിയിലായിരുന്നു അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്റെ പരാമര്‍ശങ്ങള്‍.

''ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ബോംബെ റെയില്‍വേ സ്‌റ്റേഷന്‍ പോലെ സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഒരൊറ്റ കെട്ടിടം പോലും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടോ? ഇല്ല. വ്യസനത്തോടെ പറയുന്നു- ഇല്ല. ബ്രിട്ടീഷുകാരെ പോലെ അനുകമ്പയുള്ള മറ്റൊരു സാമ്രാജ്യം നമുക്കൊരിക്കലും കാണാനുമാവില്ല''- എന്നായിരുന്നു ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സന്റെ പരാമര്‍ശം.

Advertising
Advertising

മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസിനെ ഉദ്ദേശിച്ചായിരുന്നു കാള്‍സന്റെ വാക്കുകള്‍. ബ്രിട്ടീഷ് കാലത്ത് വിക്ടോറിയ ടെര്‍മിനസ് എന്നായിരുന്നു ഇതിന്റെ ആദ്യപേര്.

ഇതിനോടാണ് തരൂര്‍ ട്വിറ്ററിലൂടെ പൊട്ടിത്തെറിച്ചത്. കാള്‍സന്റെ പരാമര്‍ശത്തിന്റെ വീഡിയോ പങ്കുവച്ചായിരുന്നു തരൂരിന്റെ പ്രതികരണം. ''ശാന്തത നഷ്ടപ്പെടാതെ പ്രതികരിക്കാന്‍ കഴിയാത്തപ്പോള്‍ ഒരാള്‍ക്ക് അമര്‍ത്തുന്നതിന് ട്വിറ്ററില്‍ ഒരു ഓപ്ഷന്‍ ഉണ്ടായിരിക്കണം. തല്‍ക്കാലം ഞാന്‍ ഇതുകൊണ്ട് എന്നെത്തന്നെ തൃപ്തിപ്പെടുത്തുന്നു''- എന്നാണ് ദേഷ്യത്തിന്റെ രണ്ട് ഇമോജികള്‍ പങ്കുവച്ചുകൊണ്ട് തരൂരിന്റെ ട്വീറ്റ്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പലപ്പോഴായിരുന്നു നിശിത വിമര്‍ശനം ഉന്നയിച്ചിട്ടുള്ള നേതാവാണ് തരൂര്‍. അതുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് മാത്രമല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് വലിയ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. കൂടാതെ, ബ്രിട്ടീഷുകാര്‍ രാജ്യത്തുണ്ടാക്കിപ്പോയ കെടുതികള്‍ ഉയര്‍ത്തിക്കാട്ടാനായി പലപ്പോഴും ചര്‍ച്ചകളിലും സെമിനാറുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News