3000 ആഡംബര കാറുകളുമായി ജര്‍മനിയില്‍ നിന്നും ഈജിപ്തിലേക്ക് പോയ കപ്പലിന് തീ പിടിച്ചു; ഇന്ത്യന്‍ ജീവനക്കാരന്‍ മരിച്ചു
ജീവനക്കാരിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോസ്റ്റ്ഗാർഡ് അറിയിച്ചു
ആംസ്റ്റര്‍ഡാം: മൂവായിരത്തോളം ആഡംബര കാറുകളുമായി ജര്‍മനിയില്‍ നിന്നും ഈജിപ്തിലേക്ക് പോയ ചരക്കു കപ്പലിന് ഡച്ച് തീരത്ത് വച്ച് തീ പിടിച്ചു. ജീവനക്കാരിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോസ്റ്റ്ഗാർഡ് അറിയിച്ചു. ഇന്ത്യന്‍ നാവികനാണ് മരിച്ചതെന്ന് റോയ്ട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നെതർലൻഡ്‌സിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.
പനാമയിൽ രജിസ്റ്റർ ചെയ്ത 199 മീറ്റർ (655 അടി) ഫ്രീമാന്‍റില്‍ ഹൈവേ എന്ന കപ്പലിനാണ് ചൊവ്വാഴ്ച രാത്രി തീപിടിച്ചത്. വടക്കൻ ഡച്ച് ദ്വീപായ അമേലാൻഡിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഇതിനെ തുടര്‍ന്ന് നിരവധി ക്രൂ അംഗങ്ങൾ കടലിൽ ചാടാൻ നിർബന്ധിതരായി.21 പേരടങ്ങുന്ന മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്ന് കപ്പലിന്‍റെ ഉടമസ്ഥരായ ജപ്പാനിലെ ഷൂയ് കിസെൻ പറഞ്ഞു. വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതൽ വെള്ളം ഉപയോഗിക്കുന്നതുകൊണ്ട് മുങ്ങാൻ സാധ്യതയുണ്ടെന്ന് ഡച്ച് കോസ്റ്റ്ഗാർഡ് പറഞ്ഞു.തീ കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുമെന്ന് തീരസംരക്ഷണ സേനയെ ഉദ്ധരിച്ച് ഡച്ച് വാർത്താ ഏജൻസിയായ എഎൻപി റിപ്പോർട്ട് ചെയ്തു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് കോസ്റ്റ്ഗാർഡ് വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ഒരു ഇലക്ട്രിക് കാറിന് സമീപമാണ് തീ കത്തിത്തുടങ്ങിയതെന്ന് കോസ്റ്റ്ഗാർഡ് വക്താവ് നേരത്തെ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു.കപ്പലിലുണ്ടായിരുന്ന 2,857 വാഹനങ്ങളിൽ 25 എണ്ണവും ഇലക്ട്രിക് ആയിരുന്നു.കടലിലെ സുരക്ഷാ മാനദണ്ഡങ്ങൾ നിയന്ത്രിക്കുന്ന ഇന്‍റര്‍നാഷണൽ മാരിടൈം ഓർഗനൈസേഷൻ, ചരക്ക് കപ്പലുകളിൽ വർധിച്ചുവരുന്ന തീപിടിത്തത്തിന്‍റെ സാഹചര്യത്തില്‍ അടുത്ത വർഷം ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾക്കായുള്ള പുതിയ നടപടികൾ വിലയിരുത്താൻ പദ്ധതിയിടുന്നതായി ഒരു വക്താവ് പറഞ്ഞു."ഇലക്‌ട്രിക് കാറുകൾ ജ്വലന എഞ്ചിൻ കാറുകൾ പോലെ കത്തുന്നു. ബാറ്ററികൾ അമിതമായി ചൂടാകുകയും 'തെർമൽ റൺവേ' സംഭവിക്കുകയും ചെയ്യുമ്പോൾ അത് അപകടകരമാണ്," മാസ്റ്റർ നാവികനും ജർമ്മൻ ഇൻഷുറൻസ് അസോസിയേഷന്‍റെ പ്രതിനിധിയുമായ ഉവെ-പീറ്റർ ഷൈഡർ പറഞ്ഞു. കപ്പലിലുണ്ടായിരുന്ന 350 വാഹനങ്ങളും Mercedes-Benz (MBGn.DE) കാറുകളാണെന്ന് ജർമ്മൻ കമ്പനി അറിയിച്ചു.