ഇസ്രായേൽ കൊലപ്പെടുത്തിയ ശീരീൻ അബു ആഖില ഫലസ്തീൻ കുഞ്ഞുങ്ങളിലൂടെ പുനർജനിക്കുന്നു
ജൂത പട്ടാളത്തിന്റെയും കുടിയേറ്റക്കാരുടെയും കണ്ണിലെ കരടായിരുന്നു എന്നും ശീരീൻ. അവർ ഒളിപ്പിക്കാൻ ആഗ്രഹിക്കുന്നതെല്ലാം ശീരീൻ മിഴിവോടെ സമൂഹത്തിന് കാട്ടിക്കൊടുത്തു.
റാമല്ല: ഇസ്രായേൽ കൊലപ്പെടുത്തിയ അൽജസീറ മാധ്യമപ്രവർത്തക ശീരീൻ അബു ആഖിലയുടെ ഓർമകളെ മരിക്കാനനുവദിക്കില്ലെന്ന് ഉറപ്പിച്ച് ഫലസ്തീൻ ജനത. ശീരീനോടുടുള്ള ആദരസൂചകമായി ഇന്നലെ ജനിച്ച കുഞ്ഞിന് ശീരീൻ എന്ന് പേരുനൽകിയിരിക്കുകയാണ് വെസ്റ്റ്ബാങ്കിലെ മാതാപിതാക്കൾ. വെസ്റ്റ് ബാങ്കിലെ ബുറിൻ ഗ്രാമത്തിൽ ജനിച്ച കുഞ്ഞിനാണ് ശീരീൻ എന്ന് പേരുനൽകിയത്. ആദ്യമായി കുഞ്ഞ് ധരിച്ച ഉടുപ്പിൽ പ്രസ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ പട്ടാളം നടത്തുന്ന ക്രൂരതകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു ശീരീൻ അബു ആഖിലയുടെ ദൗത്യം. ജൂത പട്ടാളത്തിന്റെയും കുടിയേറ്റക്കാരുടെയും കണ്ണിലെ കരടായിരുന്നു എന്നും ശീരീൻ. അവർ ഒളിപ്പിക്കാൻ ആഗ്രഹിക്കുന്നതെല്ലാം ശീരീൻ മിഴിവോടെ സമൂഹത്തിന് കാട്ടിക്കൊടുത്തു.
ബത്‌ലഹേമിലെ ക്രിസ്ത്യൻ കുടുംബത്തിലാണ് ശീരീൻ ജനിച്ചത്. മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. കിഴക്കൻ ജറൂസലേമിലെ ബെയ്ത് ഹനീനയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം ആർകിടെക്ചറിലായിരുന്നു ആദ്യ ഭ്രമം. അതിനായി ജോർദാൻ സർവകലാശാലയിൽ ചേർന്നെങ്കിലും പാതിയിൽ ഉപേക്ഷിച്ചു. പിന്നീടാണ് മാധ്യമപഠനത്തിലേക്ക് തിരിഞ്ഞത്. വോയ്‌സ് ഓഫ് ഫലസ്തീൻ, റേഡിയോ മോണ്ടികാർലോ എന്നിവയിലായിരുന്നു ആദ്യം ജോലി. അന്നും ഫലസ്തീനികളുടെ ദുരിതം തന്നെയായിരുന്നു ശീരീന്റെ വിഷയം. 1997ൽ അൽ ജസീറയിൽ ചേർന്ന ശീരീൻ കുറഞ്ഞകാലം കൊണ്ടുതന്നെ അൽ ജസീറയുടെ മുഖമായി മാറി.
കിഴക്കൻ ജറൂസലേമിൽ താമസിച്ച് വെസ്റ്റ്ബാങ്ക് പട്ടണങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്തായിരുന്നു റിപ്പോർട്ടിങ്. ഇസ്രായേൽ സൈന്യം കൊലപ്പെടുത്തുന്ന ഫലസ്തീനികളുടെ സംസ്‌കാര ചടങ്ങുകളിലും നിത്യസാന്നിധ്യമായിരുന്നു അവർ.
ഇസ്രായേലിന്റെ അനന്തമായ തടവിൽ കഴിയുന്ന ഫലസ്തീനികളുടെ കുടുംബാംഗങ്ങളുടെ ദുരന്ത ജീവിതം അവർ പ്രക്ഷേകരിലെത്തിച്ചു. തകർക്കപ്പെട്ട വീടുകളുടെ മുന്നിൽനിന്ന് ലോകത്തോട് അവർ ചോദ്യങ്ങളുന്നയിച്ചു. ഫലസ്തീകളുടെ ദുരിതം ലോകത്തിന് മുന്നിൽ തുറന്നുകാണിച്ച അവരെ ഒടുവിൽ ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തി.
ബുധനാഴ്ച രാവിലെ വെസ്റ്റ്ബാങ്കിലെ ജനീൻ പട്ടണത്തിൽ ഇസ്രായേൽ സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. തലക്ക് വെടിയേറ്റ ശീരീനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. അൽ ജസീറയുടെ തന്നെ മറ്റൊരു മാധ്യമപ്രവർത്തകനായ അലി സമൂദിക്കും വെടിയേറ്റിരുന്നു.