പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കം പരാജയപ്പെട്ടു; ദക്ഷിണ കൊറിയ മുന്‍ പ്രതിരോധമന്ത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കത്തിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് പൊലീസ് റെയ്ഡ് ചെയ്തു

Update: 2024-12-11 12:15 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

സിയോൾ: ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ മുന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തടങ്കൽ കേന്ദ്രത്തിൽ അടിവസ്ത്രം ഉപയോഗിച്ചാണ് കിം യോങ് ഹ്യുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നീതിന്യായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

രാജ്യത്ത് പട്ടാളനിയമം ഏര്‍പ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചതായി ആരോപിച്ചാണ് കിം യോങ് ഹ്യുനിനെ അറസ്റ്റ് ചെയ്തത്. സൈനിക നിയമത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കലാപ ആരോപണങ്ങളുടെ പേരില്‍ ഞായറാഴ്ച തടങ്കലിലായ കിം യോങ് ഹ്യുനിനെ ഇന്നായിരുന്നു ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്.

പ്രതിപക്ഷത്തിന് ഉത്തര കൊറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡിസംബര്‍ മൂന്നിനായിരുന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സോക് യോൽ രാജ്യത്ത് അടിയന്തര പട്ടാള ഭരണമേർപ്പെടുത്തിയത്. കലാപസമയത്ത് ഗുരുതരമായ പ്രവൃത്തിയിലേര്‍പ്പെട്ടു, അധികാര ദുര്‍വിനിയോഗം നടത്തി തുടങ്ങിയ വകുപ്പുകളാണ് കിം യോങ് ഹ്യുന്നിനെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിന് പിന്നാലെ പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കിം യോങ് ഹ്യുന്‍ ദക്ഷിണകൊറിയന്‍ ജനതയോട് ക്ഷമാപണം നടത്തുകയും ചെയ്തു.

പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കത്തിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് പൊലീസ് റെയ്ഡ് ചെയ്തു. പട്ടാളനിയമം പ്രഖ്യാപിച്ച രാത്രിയിലെ മന്ത്രിസഭ യോഗത്തിന്റെ വിവരങ്ങൾ തേടിയാണ് അന്വേഷണ ഏജൻസികൾ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണണെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇംപീച്ച്മെന്റും സ്ഥാനമൊഴിയണമെന്ന ആവശ്യങ്ങളും അവഗണിച്ച് യൂൻ സോക് യോൽ ഇപ്പോഴും പ്രസിഡന്റ് പദവിയിൽ തുടരുകയാണ്. പ്രസിഡന്റിന് വിദേശ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ദക്ഷിണ കൊറിയയിൽ പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധവും ശക്തമായി തുടരുകയാണ്. ഇതിനിടെ കലാപം, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തി സർക്കാറിന്റെ വിവധ ഏജൻസികൾ പ്രസിഡന്റിനെതിരെ അന്വേഷണം ആരംഭിച്ചു.

റെയ്ഡ് നടക്കുമ്പോൾ പ്രസിഡൻ്റ് യൂൻ ഓഫീസിൽ ഉണ്ടായിരുന്നില്ല. അന്വേഷണത്തിൻ്റെ ഭാഗമായി സിയോൾ മെട്രോപൊളിറ്റൻ പൊലീസിൻ്റെയും നാഷണൽ അസംബ്ലി പൊലീസ് ഗാർഡിൻ്റെ ഓഫീസുകളിലും റെയ്ഡ് നടത്തിയതായി കൊറിയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പട്ടാള നിയമം ഏർപ്പെടുത്തലുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയൻ പൊലീസ് മേധാവി ചോ ജി-ഹോയെയും ദേശീയ പൊലീസ് കമ്മീഷണർ ചോ ജി-ഹോയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദക്ഷിണ കൊറിയയിൽ നാല്പ്പത് വർഷത്തിനിടെയുണ്ടായ പട്ടാള ഭരണ പ്രഖ്യാപനമായിരുന്നു ഡിസംബര്‍ മൂന്നിന് ഇന്ത്യൻ സമയം അർധരാത്രിയോടെ ഉണ്ടായത്. രാജ്യത്തിന്റെ ജനാധിപത്യവും സ്ഥിരതയുമൊക്കെ ഉത്തര കൊറിയയുമായി ചേർന്ന് സമാന്തര സർക്കാർ ഉണ്ടാക്കി പ്രതിപക്ഷം നശിപ്പിക്കുന്നു എന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം. ഉത്തരകൊറിയയുമായി ചേർന്ന് സമാന്തര സർക്കാർ ഉണ്ടാക്കി പ്രതിപക്ഷം ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ് എന്നും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു എന്നും യൂൻ ആരോപിച്ചിരുന്നു.

തുടർന്ന് പട്ടാളനിയമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായതിന് പിന്നാലെ സൈന്യം പാർലമെന്റ് വളഞ്ഞു. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. എന്നാൽ ജനമൊന്നാകെ തെരുവിലിറങ്ങിയ വൻ പ്രതിഷേധ പ്രകടനങ്ങൾക്കായിരുന്നു പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. അസംബ്ലിയിലും പ്രതിഷേധമലയടിച്ചു. എന്നാല്‍ സംഘര്‍ഷാവസ്ഥ നീണ്ടത് ആറ് മണിക്കൂര്‍മാത്രമാണ്. പ്രസിഡന്റിന്റെ പാര്‍ട്ടിയില്‍പ്പെട്ടവരടക്കം അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ വോട്ടുരേഖപ്പെടുത്തി. പിന്നാലെ നിയമം പ്രഖ്യാപിച്ച് കൃത്യം ആറ് മണിക്കൂറുകൾക്ക് ശേഷം പ്രസിഡന്റ് പ്രഖ്യാപനം പിൻവലിച്ചു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News