പട്ടാളനിയമം പ്രഖ്യാപിക്കൽ, ആറ് മണിക്കൂറിന് ശേഷം പിൻവലിക്കൽ; ആ 'കെ-ഡ്രാമ'യുടെ കഥ ഇങ്ങനെ !
പ്രതിപക്ഷത്തിന് ഉത്തര കൊറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചൊവ്വാഴ്ചയാണ് പ്രസിഡന്റ് രാജ്യത്ത് അടിയന്തര പട്ടാള ഭരണമേർപ്പെടുത്തിയത്
സിയോൾ: സംഘർഷഭരിതമായ നാടകീയ രംഗങ്ങൾക്കൊടുവിൽ ഇന്നലെ പ്രഖ്യാപിച്ച പട്ടാളനിയമം പിൻവലിച്ച് ദക്ഷിണ കൊറിയ. ഭരണത്തിനെതിരെ നാഷണൽ അസംബ്ലിയിലടക്കം വൻ പ്രതിഷേധമുണ്ടായതിന് പിന്നാലെ നിയമം പിൻവലിച്ച് പ്രസിഡന്റ് യൂൻ സോക് യോൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. പ്രതിപക്ഷത്തിന് ഉത്തര കൊറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രസിഡന്റ് രാജ്യത്ത് അടിയന്തര പട്ടാള ഭരണമേർപ്പെടുത്തിയത്.
ദക്ഷിണ കൊറിയയിൽ നാല്പ്പത് വർഷത്തിനിടെയുണ്ടായ പട്ടാള ഭരണ പ്രഖ്യാപനമായിരുന്നു ഇന്നലെ ഇന്ത്യൻ സമയം അർധരാത്രിയോടെ ഉണ്ടായത്. രാജ്യത്തിന്റെ ജനാധിപത്യവും സ്ഥിരതയുമൊക്കെ ഉത്തര കൊറിയയുമായി ചേർന്ന് പ്രതിപക്ഷം നശിപ്പിക്കുന്നു എന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം. ഉത്തരകൊറിയയുമായി ചേർന്ന് സമാന്തര സർക്കാർ ഉണ്ടാക്കി പ്രതിപക്ഷം ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു എന്നും യൂൻ ആരോപിച്ചിരുന്നു.
തുടർന്ന് പട്ടാളനിയമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായതിന് പിന്നാലെ സൈന്യം പാർലമെന്റ് വളഞ്ഞു.എന്നാൽ ജനമൊന്നാകെ തെരുവിലിറങ്ങിയ വൻ പ്രതിഷേപ്രകടനങ്ങൾക്കാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. അസംബ്ലിയിലും പ്രതിഷേധമലയടിച്ചു. പാർലമെന്റംഗങ്ങൾ എല്ലാവരും തന്നെ നിയമത്തിൽ എതിർപ്പറിയിച്ചതിന് പിന്നാലെ നിയമം പ്രഖ്യാപിച്ച് കൃത്യം ആറ് മണിക്കൂറുകൾക്ക് ശേഷം പ്രസിഡന്റ് പ്രഖ്യാപനം പിൻവലിച്ചു.
അർധരാത്രിയുണ്ടായ പട്ടാളഭരണ പ്രഖ്യാപനവും പിൻവലിക്കലുമൊക്കെ ഏറെ നാളായി ദക്ഷിണ കൊറിയയിൽ നിലനിൽക്കുന്ന ഭരണ-പ്രതിപക്ഷ അസ്വാരസ്യങ്ങളുടെ ആകത്തുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. യോലിന്റെ പീപ്പിൾ പവർ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ അടുത്തവർഷത്തെ ബജറ്റിനെ ചൊല്ലി വലിയ തർക്കം ഉടലെടുത്തിരുന്നു. ആഭ്യന്തരകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ യൂൺ സർക്കാർ അമ്പേ പരാജയപ്പെട്ടു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പട്ടാളഭരണമേർപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയപ്പാർട്ടികളുടെ പ്രവർത്തനങ്ങളുൾപ്പടെ നിർത്തിവച്ചതായി സൈന്യം അറിയിച്ചിരുന്നു. പട്ടാളഭരണത്തിന് കീഴിൽ മാധ്യമങ്ങൾക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു.