കാപ്പിക്കപ്പിൽ കൊടുങ്കാറ്റ്; ബഹിഷ്‌കരണത്തിൽ സ്റ്റാർബക്‌സിന്റെ നഷ്ടം 12 ബില്യൺ ഡോളർ
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന് തുറന്ന പിന്തുണ നല്‍കിയ കമ്പനിയാണ് സ്റ്റാര്‍ബക്സ്
ന്യൂയോർക്ക്: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ പിന്തുണച്ച യുഎസ് ബഹുരാഷ്ട്ര കുത്തക കമ്പനി സ്റ്റാർബക്‌സ് കോർപറേഷന് വിപണിയിൽ കനത്ത തിരിച്ചടി. രണ്ടാഴ്ചയ്ക്കിടെ 12 ബില്യൺ യുഎസ് ഡോളറാണ് കോഫി ഭീമന്‍റെ വിപണിമൂല്യത്തിൽ നിന്ന് നഷ്ടമായതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ 9.4 ശതമാനം വരുമിത്. ബഹിഷ്‌കരണവും വിൽപനയിലെ മാന്ദ്യവുമാണ് സ്റ്റാര്‍ബക്സിന് തിരിച്ചടിയായത്.
ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ലോകമെമ്പാടും സ്റ്റാർബക്‌സ് ബഹിഷ്‌കരണം നേരിട്ടിരുന്നു. വിപണിയിൽ തുടർച്ചയായ 12 ദിവസമാണ് സ്റ്റാർബക്‌സ് ഓഹരികൾക്ക് ഇടിവു നേരിട്ടത്. 1992ന് ശേഷം കമ്പനി നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണിത്. രണ്ടാഴ്ച മുമ്പ് 114 ഡോളറുണ്ടായിരുന്ന സ്റ്റാർബക്‌സിന്റെ ഓഹരിക്ക് ഇപ്പോൾ 95 ഡോളറാണ് മൂല്യം.
വാഷിങ്ടണിലെ സീറ്റ്ൽ ആസ്ഥാനമായ കോഫി ഹൗസ്, റോസ്റ്ററി റിസർവസ് ശൃംഖലയാണ് സ്റ്റാർബക്‌സ് കോർപറേഷൻ. ലോകത്തെ ഏറ്റവും വലിയ കോഫീഹൗസ് ശൃംഖലയാണിത്. 1971ൽ സ്ഥാപിതമായി കമ്പനിക്ക് 84 രാഷ്ട്രങ്ങളിൽ 35000ത്തിലേറെ ഷോപ്പുകളുണ്ട്. നാലു ലക്ഷത്തിലേറെ തൊഴിലാളികളും. ഇന്ത്യൻ അമേരിക്കൻ വ്യവസായി ലക്ഷ്മൺ നരസിംഹനാണ് ഇപ്പോഴത്തെ സിഇഒ.
ഇസ്രായേലിനെ പരസ്യമായി പിന്തുണച്ച കോഫി ഭീമന് പടിഞ്ഞാറൻ ഏഷ്യയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഉപഭോക്താക്കളുടെ കുറവു മൂലം ഈജിപ്തിൽ കമ്പനി ജീവനക്കാരെ പരിച്ചുവിട്ടിരുന്നു.
കമ്പനി ഇസ്രായേലിനെ പിന്തുണച്ചെങ്കിലും ജീവനക്കാർ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. സ്റ്റാർബക്‌സ് വർക്കേഴ്‌സ് യുണൈറ്റഡ് എന്ന പേരിലുള്ള തൊഴിലാളി സംഘടന ഫലസ്തീന് തുറന്ന ഐക്യദാർഢ്യം അറിയിച്ചിരുന്നു. യുഎസിലെ 200ലധികം ഷോപ്പുകളിൽ ജീവനക്കാരുടെ സമരവും അരങ്ങേറിയിരുന്നു. ശമ്പളവും ആനുകൂല്യങ്ങളും കുറവാണെന്നും ജീവനക്കാർ ആരോപിക്കുന്നു. ഇതും മൂല്യമിടിവില്‍ പ്രതിഫലിച്ചതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.