അൽ തബീൻ സ്കൂളിലെ കൂട്ടക്കൊല: ഇസ്രായേലിനുള്ള അമേരിക്കൻ പിന്തുണ അവസാനിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തം

നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഉപയോഗിച്ചത് അമേരിക്കൻ നിർമിത ബോംബുകളാണ്

Update: 2024-08-11 07:36 GMT
Advertising

വാഷിങ്ടൺ: ഇസ്രായേൽ ഗസ്സയിൽ തുടരുന്ന വംശഹത്യയുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ശനിയാഴ്ച അൽ തബീൻ സ്കൂളിൽ നടത്തിയ കൂട്ടക്കൊല. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് അഭയാർഥികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ക്രൂരകൃത്യത്തിനെതിരെ ലോകരാജ്യങ്ങൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇത്തരം കൂട്ടക്കൊലകൾക്ക് പിന്തുണ നൽകുന്ന അമേരിക്കക്കെതിരെയും വലിയ വിമർശനമുണ്ട്. അമേരിക്കയുടെ പിന്തുണ അവസാനിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. ആയുധം നൽകുന്നതടക്കം അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

‘വെടിനിർത്തൽ കരാറിലേക്ക് അടുക്കുകയാണെന്നാണ് അമേരിക്കരും സഖ്യകക്ഷികളും അവകാശപ്പെടുന്നത്. എന്നാൽ, ഫലസ്തീനികൾ കാണുന്നത് മരണവും കുടിയിറക്കവും നിരാശയുമാണ്’ -അറബ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് സഹസ്ഥാപകനും പ്രസിഡന്റുമായ ജെയിംസ് സോഗ്ബി പറഞ്ഞു. പരിഹാസ്യമായ ഈ അഭിനയം അവസാനിപ്പിക്കാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. വെടിനിർത്തലും സമാധാനവും ഇസ്രായേൽ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് നമ്മൾ ഇ​പ്പോഴും ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതെന്നും ജെയിംസ് സോഗ്ബി ചോദിച്ചു. അൽ തബീൻ സ്കൂളി​ലെ ആക്രമണത്തിന് ഉപയോഗിച്ചത് അമേരിക്കൻ നിർമിത ജി.ബി.യു-39 എന്ന ചെറുബോംബാണെന്ന് സി.എൻ.എൻ ജേണലിസ്റ്റ് അല്ലെഗ്ര ഗുഡ്‍വിൻ ‘എക്സി’ൽ കുറിച്ചു.

ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രഡിഡന്റ് ജോ ബൈഡന് മേൽ വലിയ സമ്മർദമുണ്ട്. ഇതിനിടയിലാണ് ശനിയാഴ്ച നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ആക്രമണമുണ്ടാകുന്നത്. ഇസ്രായേലിന് പ്രതിവർഷം 3.8 ബില്യൺ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക നൽകാറുണ്ടായിരുന്നത്. എന്നാൽ, ഈ വർഷമാദ്യം 14 ബില്യൺ ഡോളറിന്റെ അധികസഹായം നൽകാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചിരുന്നു.

ഗസ്സയിൽ അന്താരാഷ്ട്ര മാനു​ഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതര ലംഘനമാണ് അമേരിക്കൻ നിർമിത ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ നടത്തുന്നതെന്ന് അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തുന്നുണ്ട്. ഇത് യു.എസ് നയത്തിനും നിയമങ്ങൾക്കും എതിരാണെന്നും ഇവർ ഓർമിപ്പിക്കുന്നു. എന്നാൽ, ഇതൊന്നും ചെവികൊള്ളാതെ ഇസ്രായേലിന് നിർബാധം പിന്തുണ നൽകുകയാണ് അമേരിക്ക. ഇസ്രായേലിന് അമേരിക്കൻ നിർമിത ആയുധങ്ങളും യുദ്ധോപകരണങ്ങളും ഉപയോഗിക്കാനായി 3.5 ബില്യൺ ഡോളർ അധികസഹായം നൽകുമെന്നാണ് വെള്ളിയാഴ്ച യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് വക്താവ് പ്രഖ്യാപിച്ചത്.

അതേസമയം, ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങൾക്കുള്ള അമേരിക്കയുടെ അന്ധമായ പിന്തുണ അവസാനിപ്പിക്കണമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീൽ അബു റുദീന ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കുട്ടികളും സ്​ത്രീകളും പ്രായമായവരും അടക്കമുള്ള സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്. അമേരിക്ക ആയുധങ്ങൾ നൽകി സഹായിക്കുന്നതാണ് ഗസ്സയിൽ പത്ത് മാസമായി തുടരുന്ന ആക്രമണത്തിനും അൽ തബീൻ സ്കൂളിലെ കൂട്ടക്കൊലക്കും കാരണമായതെന്നും വക്താവ് കൂട്ടിച്ചേർത്തു.

സ്കൂൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇസ്രായേലിന് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കയിലെ മനുഷ്യാവാകാശ പ്രവർത്തകരും ആവശ്യപ്പെട്ടു. അമേരിക്കൻ പിന്തുണയോടെയുള്ള ഗസ്സയിലെ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന്

യു.എസ് - മുസ്ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‍ലാമിക് റിലേഷൻസ് ആവശ്യപ്പെട്ടു. ബൈഡൻ ഭരണകൂടം മനുഷ്യജീവിതത്തിന് വിലകൽപ്പിക്കുന്നുണ്ടെങ്കിൽ ഇസ്രായേൽ സർക്കാറിനുള്ള ആയുധ വിൽപ്പന തടയുകയും നെതന്യാഹുവിനെ സമാധാന കരാറിലെത്താൻ നിർബന്ധിക്കുകയും ചെയ്യണം. ഇസ്രായേലിന് ഇനി ആയുധങ്ങൾ നൽകരുതെന്നും ഇവർ വ്യക്തമാക്കി.

അതിഭയാനകമായ കാഴ്ചകൾക്കാണ് അൽ തബീൻ സ്കൂൾ ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിർവഹിക്കുന്നതിനിടെയായിരുന്നു ആക്രമണം. മൂന്ന് റോക്കറ്റുകളാണ് സ്കൂളിന് മുകളില്‍ പതിച്ചത്. സ്കൂൾ പരിസരം മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കൊണ്ട് നിറഞ്ഞതായി ദൃക്സാക്ഷികൾ അറിയിച്ചിരുന്നു. അഭയാർഥികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് സ്കൂളിൽ താമസിച്ചിരുന്നത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News