തൊട്ടാൽ പൊള്ളും! 17000 രൂപക്ക് സാൻഡ്‌വിച്ചുമായി റസ്റ്ററന്റ്, ഗിന്നസ് റെക്കോർഡ്
ഈ സാൻഡ്‌വിച്ച് കഴിക്കണമെന്നുണ്ടെങ്കിൽ തന്നെ 48 മണിക്കൂർ മുമ്പ് ഓർഡർ നൽകണം
ഒരു സാൻഡ്‌വിച്ചിന് എത്ര രൂപ വരെ കൊടുക്കാം? കൂടിപ്പോയാൽ 150,അല്ലേ? ഇനി ഫാൻസി റസ്റ്ററന്റിലോ സ്റ്റാർ ഹോട്ടലിലോ ഒക്കെയാണെങ്കിൽ ചിലപ്പോൾ അതിലും കൂടി ഒരു 200 വരെയൊക്കെ ആയെന്നും വരാം. എന്നാൽ 17000 രൂപക്ക് ഒരു സാൻഡ് വിച്ച് എന്നൊക്കെ കേട്ടാൽ എന്താവും അവസ്ഥ? അങ്ങനെയൊരു വില കേട്ടതിന്റെ ഞെട്ടലിലാണ് ന്യൂയോർക്കിലെ ജനങ്ങൾ. ഇവിടെ സെറൻഡിപ്പിറ്റി 3 എന്ന റസ്റ്ററന്റ് കഴിഞ്ഞ ദിവസം ഒരു സാൻസ്‌വിച്ച് വിൽപനയ്ക്ക് വച്ചത് 17000 രൂപയ്ക്കാണ്. ലോകത്തെ ഏറ്റവും വിലകൂടിയ സാൻഡ്‌വിച്ച് എന്ന ഗിന്നസ് റെക്കോർഡ് ഈ സാൻഡ് വിച്ച് നേടുകയും ചെയ്തു.
ഇത്രയധികം വിലയിടാൻ ഈ സാൻഡ് വിച്ചിൽ സ്വർണമുണ്ടോ എന്ന് ചോദിക്കുന്നവരോട് ഉണ്ട് എന്നാണ് റസ്റ്ററന്റ് അധികൃതരുടെ ഉത്തരം. സാൻഡ് വിച്ചിനുപയോഗിച്ചിരിക്കുന്ന ഫ്രഞ്ച് പുൾമാൻ ഷാംപെയ്ൻ ബ്രെഡിൽ എഡിബിൾ ആയിട്ടുള്ള സ്വർണശകലങ്ങൾ ഉണ്ടെന്നാണ് റസ്റ്ററന്റിന്റെ വാദം. ഇതു കൂടാതെ സാൻഡ് വിച്ചിന്റെ ഓരോ ലെയറിലും സ്വർണ അടരുകളുണ്ട്. സാൻഡ് വിച്ച് ഉണ്ടാക്കിയിരിക്കുന്നത് വൈറ്റ് ട്രഫിൾ ബട്ടർ, ക്യാഷിയോ കാവല്ലോ പോഡോലിക്കോ ചീസ് എന്നിവ ഉപയോഗിച്ചാണ്.
ഇനി ഈ സാൻഡ് വിച്ച് കഴിക്കണമെന്നുണ്ടെങ്കിൽ തന്നെ 48 മണിക്കൂർ മുമ്പ് ഓർഡർ നൽകണം. അപ്പോൾ മാത്രമേ ചേരവുകളെല്ലാമെത്തിച്ച് സാൻഡ് വിച്ച് ഉണ്ടാക്കി കഴിയുകയുള്ളൂ. ജോ കാൾഡറോൺ ആണ് ഈ സാൻഡ്‌വിച്ചിന്റെ സൃഷ്ടാവ്. ഇതാദ്യമായല്ല കാൾഡറോണിന്റെ വിഭവം ഗിന്നസ് റെക്കോർഡ് നേടുന്നത്. ലോകത്തെ ഏറ്റവും വില കൂടിയ ബർഗറും മിൽക്ക് ഷെയ്ക്കും സൺഡേയുമെല്ലാം കാൽഡറോണിന്റെ കരവിരുതിൽ സെറൻഡിപ്പിറ്റിയുടെ അടുക്കളയിൽ ഉണ്ടായതാണ്.